സ്മാര്‍ട് സിറ്റിയില്‍ നോക്കു കൂലി: യൂനിയന്‍ നേതാക്കളുടെ ചര്‍ച്ചയില്‍ പരിഹാരമായി
കാക്കനാട്: സ്മാര്‍ട് സിറ്റിയില്‍ പൈലിങ് ടെസ്റ്റിന് നോക്കു കൂലി ആവശ്യപ്പെട്ട് അതിക്രമിച്ച് കടന്ന സംഘത്തിന്റെ മര്‍ദനത്തില്‍ രണ്ട് മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് പരിക്കു പറ്റിയ സംഭവം യൂനിയന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ പരിഹാരമായി. മാനേജ്‌മെന്റ് ജീവനക്കാരെ മര്‍ദിച്ച തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രശ്‌നം പരിഹരിച്ചത്.
ബുധനാഴ്ച വൈകിട്ട് മുപ്പതോളം ബൈക്കിലെത്തിയ സംഘം സ്മാര്‍ട് സിറ്റി പ്രദേശത്തേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സാന്‍സ് ഇന്‍ഫ്ര ഐ.ടി സ്ഥാപനത്തിനു വേണ്ടി നിര്‍മാണ ജോലികള്‍ ചെയ്യുന്ന റെല്‍കോന്‍ ഫൗണ്ടേഷന്‍ അസി. സൈറ്റ് എന്‍ജിനീയര്‍ പ്രസാദ്. ടി. കോശി, ജീവനക്കാരന്‍ ഡോണാള്‍ഡ് ജോസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇടച്ചിറ പ്രദേശത്ത് കേന്ദ്രീകരിച്ച് ജോലിയെടുക്കുന്ന സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു തൊഴിലാളികളാണ് അതിക്രമിച്ച് കയറി മര്‍ദിച്ചതെന്ന് പ്രെജക്ട് മാനേജര്‍ ശിവ പ്രസാദ് ആരോപിച്ചു.ക്രെയിന്‍ ഉപയോഗിച്ച് നടത്തുന്ന പൈലിങ് ടെസ്റ്റിന് നോക്കു കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ അക്രമം നടത്തിയത്. 28 ടണ്‍ ഭാരമുള്ള ഗര്‍ഡര്‍ ഓരോന്നിനും നാലര ടണ്‍ വീതം ഉപയോഗിച്ചാണ് പൈലിങ് ടെസ്റ്റ് നടത്തുന്നത്. ക്രെയിന്‍ ഉപയോഗിച്ച് നടത്തുന്ന പൈലിങ് ടെസ്റ്റിന് ലോഡ് കയറ്റുന്നതിനുള്ള ഹുക്ക് ഘടിപ്പിക്കാന്‍ രണ്ട് ലോഡിങ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ജോലിക്കെത്തിയിരുന്നു.
മൂന്ന് മണിക്കൂര്‍ ജോലി ചെയ്ത ഇവര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വഴി 12,000 രൂപയുടെ ഡ്രാഫ്റ്റ് നല്‍കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം നാല് തൊഴിലാളികള്‍ എത്തി 40,000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൂടുതല്‍ തുക നല്‍കാന്‍ വിസമ്മതിച്ച കമ്പനി ജീവക്കാരെ ഭീഷണിപ്പെടുത്തി സംഘം മടങ്ങുകയായിരുന്നു.
കമ്പനി അധികൃതര്‍ ഇന്‍ഫൊപാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."