കോട്ടയത്തെ വയോജന സൗഹൃദ ജില്ലയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്. ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് ജില്ലാ പഞ്ചായത്തിന്റെയും കോട്ടയം നഗരസഭയുടെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് വയോജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടിയും കലാവിരുന്നും സംഘടിപ്പിക്കും. കോട്ടയം കെ. സി. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന വളരുന്ന കേരളം, വളര്‍ത്തിയവര്‍ക്ക് ആദരം എന്ന പരിപാടിയില്‍ 1500 ലേറെ വയോജനങ്ങള്‍ പങ്കാളികളാകും.
ജില്ലയില്‍ കോട്ടയം, വൈക്കം, പാലാ നഗരസഭകളില്‍ വയോജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി ജില്ലയിലെ മറ്റു നഗരസഭകളില്‍ കൂടി നടപ്പിലാക്കാനും നടപടി സ്വീകരിക്കും. വയോജന പുനരധിവാസവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കാന്‍ ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പദ്ധതി വരുന്ന സാമ്പത്തിക വര്‍ഷം രൂപപ്പെടുത്തും. ജില്ലാ- താലൂക്ക് ആശുപത്രികളില്‍ വയോജന വാര്‍ഡുകള്‍ ആരംഭിക്കുന്നതിനും കെ.എസ്.ആര്.ടി.സി, സ്വകാര്യബസ് യാത്ര സൗകര്യങ്ങള്‍ വയോജന സൗഹൃദമാക്കുന്നതിനും വില്ലേജ് ഓഫീസ്, പഞ്ചായത്ത് -നഗരസഭാ ഓഫീസുകള്‍, പൊതു സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടിയുണ്ടാകും.- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."