തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പൊതുയോഗം അസാധു: എല്‍.ഡി.എഫ്
പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പൊതുയോഗം നിയമപരമായും ജനാധിപത്യപരമായും വിളിച്ചുചേര്‍ക്കാന്‍ ബാങ്ക് ഭരണസമിതി തയ്യാറാകണമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച ചേര്‍ന്ന യോഗം പ്രഹസനമായിരുന്നു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ പ്രസിഡന്റ് യോഗം പിരിച്ചുവിട്ടതോടെ യോഗത്തിന് നിയമസാധുതയില്ലാതായി. 70000 ഓളം അംഗങ്ങളാണ് ബാങ്കിനുള്ളത്. എന്നാല്‍ ആകെയുള്ള അംഗങ്ങളുടെ ഒരു ശതമാനം പോലും അംഗങ്ങളെ പങ്കെടുപ്പിക്കാതെ യോഗം നടത്തി ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പൊതുയോഗ തീരുമാനപ്രകാരം നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനവും കളവാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തന്നെയുമല്ല അജണ്ടയില്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നുമില്ല. പൊതുയോഗത്തില്‍ തെരഞ്ഞെടുപ്പ് തീരുമാനിച്ചുവെന്ന് പറയുന്നത് യോഗത്തില്‍ പങ്കെടുത്ത ഓഹരി ഉടമകളെ അവഹേളിക്കുന്നതിന് തുല്യമാണ്.
ഈ യോഗം ഭൂരിഭാഗം വരുന്ന ഓഹരി ഉടകളെയും പ്രതിനിധാനം ചെയ്യാത്തതിനാല്‍ യോഗ നടപടികള്‍ അസാധുവായി പ്രഖ്യാപിച്ച് ജനാധിപത്യവും നിയമാനുസൃതമായ രീതിയില്‍ പൊതുയോഗം ചേരാനുള്ള നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 28 ന് നടന്ന തിരുവല്ല ഈസ്റ്റ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ പൊതുയോഗ നടപടികള്‍ നിയമവിരുദ്ധമാണെന്ന് യോഗ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നിയോഗിച്ച മല്ലപ്പള്ളി അസി. രജിസ്ട്രാറുടെ കത്തും പുറത്തുവന്ന സാഹചര്യത്തില്‍ നടപടി ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ. അനന്തഗോപന്‍, അഡ്വ. പീലിപ്പോസ് തോമസ്, ജിജി ജോര്‍ജ്, തോമസ് ജോര്‍ജ്, ജി. അജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."