പീഡന ശ്രമം : ആരോപണം അടിസ്ഥാന രഹിതമെന്ന് അയല്‍ക്കാര്‍
കോട്ടയം : ഒമ്പതുവയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം രണ്ടു വീട്ടുകാര്‍ തമ്മിലുള്ള അതിരു തര്‍ക്കത്തിന്റെ പേരില്‍ കെട്ടിച്ചമച്ചതെന്ന് അയല്‍ക്കാര്‍.
പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവുമായി തങ്ങള്‍ക്ക് അതിരുതര്‍ക്കം നിലനിന്നിരുന്നതായി അയല്‍വാസിയായ ഷഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രവാസി കൂടിയായ കുട്ടിയുടെ പിതാവ് തന്റെ വീട്ടില്‍ പണി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചിരുന്നു. അതിന് തടസം നില്‍ക്കാന്‍ വന്ന തന്റെ മാതാവിനും മര്‍ദ്ദനമേറ്റു.
ഈ വിഷയം ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ പിതാവിനെതിരെ ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്നേരമൊന്നും ശനിയാഴ്ച നടന്നുവെന്ന് പറയുന്ന പീഡനത്തെ സംബന്ധിച്ച പരാതിയുയര്‍ന്നിരുന്നില്ലെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മര്‍ദ്ദന കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലേക്ക് മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ വീടു വളഞ്ഞ് 5000 രൂപ നഷ്ടപരിഹാരം വാങ്ങിയ ശേഷമാണ് പോകാന്‍ അനുവദിച്ചത്. ഇയാള്‍ ഗള്‍ഫിലേക്ക് മടങ്ങിയ ശേഷം മാത്രമാണ് പീഡന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാവും ബന്ധുവും രംഗത്ത് വന്നതെന്നും ഷഫീഖ് ആരോപിച്ചു. പരാതിക്ക് പിന്നില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവുമായുള്ള അതിരുതര്‍ക്കമായിരിക്കാമെന്നും ഇയാള്‍ പറഞ്ഞു. യുവാവിനോടൊപ്പം മാതാവും തൊഴിലാളികളുടെ കരാറുകാരനും പള്ളി മഹല്ല് ഭാരവാഹിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു
കോട്ടയം: ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.പശ്ചിമബംഗാളിലെ ഗിരി ജില്ലക്കാരന്‍ സനല്‍ സര്‍ക്കാര്‍ (20)നെയാണ് അറസ്റ്റു ചെയ്തതെന്ന് ഗാന്ധിനഗര്‍ എസ്.ഐ എ.സി. മനോജ്കുമാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികഅതിക്രമ നിരോധന വകുപ്പുകള്‍ പ്രകാരമാണ് സനലിനെതിരെ കേസെടുത്തിരിക്കുന്നത്. നീലിമംഗലം മുണ്ടകം ഭാഗത്ത് കെട്ടിടം പണിക്കെത്തിയതാണ് ഇതരസംസ്ഥാന തൊഴിലാളി. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."