മാലിന്യ പ്രശ്‌നം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതര്‍
വൈക്കം: മാലിന്യപ്രശ്‌നം നഗരഗ്രാമ വ്യത്യാസമില്ലാതെ രൂക്ഷമാകുമ്പോള്‍ പൊതുറോഡുകളില്‍ അറവുശാല മാലിന്യങ്ങള്‍ തള്ളുന്നു. കഴിഞ്ഞദിവസം തോട്ടുവക്കം റോഡില്‍ പഴയ മാര്‍ക്കറ്റിനുസമീപം അറവുശാലയില്‍ നിന്നുള്ള പോത്തിന്റെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കപ്പെട്ടു.
പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ അധികാരികള്‍ കാണിക്കുന്ന അലംഭാവമാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.
നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് ഒരുപരിധി വരെ പരിഹാരമായെങ്കിലും മറ്റുസ്ഥലങ്ങളില്‍ മാലിന്യപ്രശ്‌നങ്ങള്‍ അതിരുവിടുകയാണ്. നഗരസഭയുടെ ഡംബിംഗ് യാര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കാതെ മറ്റുരീതിയില്‍ നടക്കുന്ന പണികള്‍ വഴിപാടായി മാറാനേ ഉപകരിക്കൂവെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭയ്ക്ക് സമാനമായ അവസ്ഥ നേരിടുന്ന പഞ്ചായത്താണ് തലയോലപ്പറമ്പ്. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ മൂക്കുപൊത്തി വേണം ഇതുവഴി നടക്കാന്‍.
മാര്‍ക്കറ്റും പരിസരവുമെല്ലാം മാലിന്യനിക്ഷേപത്താല്‍ ചീഞ്ഞുനാറുകയാണ്. പഞ്ചായത്ത് ചന്തത്തോട്ടില്‍ നിറഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പണികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പണികള്‍ തീര്‍ന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തോട് വീണ്ടും മാലിന്യനിക്ഷേപ ഭൂമിയായി മാറുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഗ്രാമീണ റോഡുകളുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. കോഴിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് റോഡുകളില്‍ നിറയുന്നത്. രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനെത്തുന്ന സംഘങ്ങള്‍ മൂവാറ്റുപുഴയാറിനെയും വിടുന്നില്ല. പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പുഴയുടെ തീരങ്ങളില്‍ ചാക്കില്‍കെട്ടി കക്കൂസ് മാലിന്യങ്ങള്‍ പോലും തള്ളുന്നു. പുഴ സംരക്ഷിക്കാന്‍ രൂപീകൃതമായ സംഘടനകള്‍ പലതും കൊട്ടിഘോഷിച്ച് വീമ്പിളക്കുന്നതല്ലാതെ പുഴ സംരക്ഷണത്തിന് കാര്യമായ രീതിയിലുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പുഴയുടെ സംരക്ഷണത്തിന് കോടികള്‍ മുടക്കിയുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഒന്നും തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. പുഴ സംരക്ഷണത്തിന് ബന്ധപ്പെട്ടവര്‍ ഇനിയും മുന്‍കയ്യെടുക്കാന്‍ വൈകിയാല്‍ വൈക്കത്തിന്റെ ജലസ്രോതസ്സായ മൂവാറ്റുപുഴയാറിന്റെ അവസ്ഥ പരിതാപകരമായ സ്ഥിതിയിലേക്ക് എത്തിച്ചേരും. ചെമ്പ് പഞ്ചായത്തിലും മാലിന്യപ്രശ്‌നങ്ങളുണ്ട്. ചെമ്പ്, ബ്രഹ്മമംഗലം മാര്‍ക്കറ്റുകളുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. ചെമ്പ് മാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പണികഴിപ്പിച്ച സംസ്‌ക്കരണ പ്ലാന്റ് മരിച്ചുകിടക്കുകയാണ്. മഴ പെയ്താല്‍ മാര്‍ക്കറ്റിലൂടെ മാലിന്യങ്ങള്‍ ഒഴുകി നടക്കുന്നു. സമീപത്തുള്ള കച്ചവടക്കാരെയാണ് ഇത് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. രണ്ട് മാര്‍ക്കറ്റില്‍ നിന്നും വരുമാനം പറ്റുന്ന പഞ്ചായത്ത് അധികാരികള്‍ കാലങ്ങളായി മാര്‍ക്കറ്റില്‍ വികസനപ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് പുലര്‍ത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."