ആദിവാസി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
തൊടുപുഴ: ആദിവാസി വീട്ടമ്മയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഉടുമ്പന്നൂര്‍ കുളപ്പാറ നയിനക്കുനേല് ഷമീറിനെ(38)യാണ് തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവും പത്തു വയസുള്ള മകളുമുള്ള വീട്ടമ്മയുടെ പരാതിയിന്മേലാണ് അറസ്റ്റ്. പലഹാരങ്ങള്‍ ഉണ്ടാക്കി കടയില്‍ കൊണ്ടുപോയി വില്‍ക്കുന്നയാളാണ് ഷമീര്‍. പത്തുവര്‍ഷമായി വീട്ടമ്മ ഇയാളുടെ വീട്ടില്‍ പലഹാരം ഉണ്ടാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. വിവാഹിതരായി ഒരുമിച്ച് കഴിയാമെന്നു പറഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് ഷമീര്‍ വീട്ടമ്മയെ പ്രലോഭിപ്പിച്ച് വരുതിയിലാക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, വീട്ടമ്മ ഇയാളില്‍ നിന്ന് ഒഴിഞ്ഞുമാറി. പലഹാര നിര്‍മ്മാണസ്ഥലത്ത് രാത്രിയും പകലും ജോലിയുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ രാത്രിയില്‍ ജോലിയില്‍ ഏര്‍പെട്ടിരിക്കെ പ്രതി ബലമായി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനു ശേഷവും പലപ്രാവശ്യം പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
അതിനിടെ, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ജൂലൈ 28ന് ഷമീര്‍ വീട്ടമ്മയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി തൊടുപുഴയില്‍ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു. ഇതിനിടെ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടമ്മയുടെ ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലിസില്‍ പരാതിയും നല്കി.
ഇതറിഞ്ഞ പ്രതി വീട്ടമ്മയെ പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കി. ഭര്‍ത്താവിനെതിരെ മൊഴി നല്കിയാല് സ്വന്തം ഭാര്യയെ ഒഴിവാക്കി വിവാഹം ചെയ്യാമെന്ന ഇയാളുടെ വാക്ക് വിശ്വസിച്ച് വീട്ടമ്മ അത് അനുസരിച്ചു. എന്നാല്‍, ഇതിനു ശേഷം ഷമീര്‍ കൈയൊഴിഞ്ഞതോടെയാണ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് വീട്ടമ്മ പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."