ടിപ്പര്‍ അപകടം: മാരായമുട്ടത്ത് സംഘര്‍ഷം
നെയ്യാറ്റിന്‍കര: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മാരായമുട്ടത്ത് സംഘര്‍ഷം.
നാട്ടുകാര്‍ ടിപ്പര്‍ ലോറി അടിച്ചു തകര്‍ത്തു. തുടര്‍ന്ന് നാട്ടുകാരുടെയും ബി.ജെ.പി.പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മാരായമുട്ടം റോഡ് ഉപരോധിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ തുയൂര്‍ വിക്രമന്‍നായര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. കരമന ജയന്‍ , കൊല്ലയില്‍ അജികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വൈകുന്നേരം മരിച്ച ബാലുവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി റോഡ് ഉപരോധിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം ജില്ലാകലക്ടര്‍ വെങ്കടേസപതിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ , എം.എല്‍.എമാരായ കെ.ആന്‍സലന്‍ , സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപാവീതം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഇന്ന് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഗണിക്കാമെന്ന ഉറപ്പിന്‍മേലാണ് ഉപരോധം അവസാനിപ്പിച്ചത്. ഇതിനു ശേഷം മരിച്ച വിപിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അരുവിപ്പുറം റോഡും ഉപരോധിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ മാരായമുട്ടം സഹകരണ ബാങ്കിനു സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്. മാരായമുട്ടം കാവിന്‍പുറം ബിനുഭവനില്‍ ബിനുകുമാര്‍-ശ്രീകുമാരി ദമ്പതികളുടെ മകന്‍ ബാലു (20) , അരുവിപ്പുറം കാവുവിള വീട്ടില്‍ ബിജുവിന്റെ മകന്‍ ഉണ്ണി എന്നുവിളിക്കുന്ന വിപിന്‍ (19) എന്നിവരാണ് മരിച്ചത്. ഇരുവരും പത്രവിതരണക്കാരായിരുന്നു. പെരുങ്കവിളയില്‍നിന്നും വിഴിഞ്ഞത്തേയ്ക്ക് കരിങ്കല്ലുമായി അമിത വേഗത്തില്‍ പോകുകയായിരുന്ന ടിപ്പര്‍ ലോറി പെരുങ്കടവിളയില്‍ നിന്നും മാരായമുട്ടത്തേയ്ക്ക് ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."