കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ്; തുരുമ്പെടുത്ത ഷട്ടര്‍ മാറ്റാന്‍ നടപടി
മാവൂര്‍: ഊര്‍ക്കടവ് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടറിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി തുടങ്ങിയ പ്രവൃത്തിക്കു സാമ്പത്തികവും ഭരണാനുമതിയും ലഭ്യമാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിനു നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഈ പാലത്തില്‍ ടോള്‍ പിരിക്കുന്നതിനുള്ള അവകാശം ലേലം ചെയ്തുകൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടോള്‍ ഇനത്തില്‍ 2011-12ല്‍ 6,76,615 രൂപയും 2012-13ല്‍ 7,00,100 രൂപയും 2013-14ല്‍ 8,16,000 രൂപയും 2014-15ല്‍ 10,10,111 രൂപയും 2015-16ല്‍ 8,48,700 രൂപയും വരുമാനം ലഭിച്ചതായും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. ഷട്ടര്‍ മാറ്റുന്നതിന് 31 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ജലവിതാനം താഴ്ന്ന ഭാഗങ്ങളില്‍ കുടിവെള്ള പദ്ധതികളെ ഷട്ടറിന്റെ ചോര്‍ച്ച ദോഷകരമായി ബാധിച്ചിരുന്നു.
കോടികള്‍ മുടക്കി നിര്‍മിച്ച ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നോക്കാനാളില്ലാത്തതിനാല്‍ ഷട്ടറുകള്‍ തുരുമ്പെടുത്തു നശിക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഗുലേറ്ററിനെ ആശ്രയിച്ച് ചാലിയാര്‍, ചെറുപുഴ, ഇരുവഴിഞ്ഞി എന്നിവയുടെ തീരത്ത് ഒട്ടേറെ ശുദ്ധജല പദ്ധതികളും ഇറിഗേഷന്‍ പദ്ധതികളുമുണ്ട്.
ജലനിരപ്പ് ഉയരുകയും താഴുകയും ചെയ്യുന്നതിനസരിച്ച് ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും നേരത്തേയുള്ള ഷട്ടറുകള്‍ തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നതിനാല്‍ റഗുലേറ്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന ആശങ്കയും നിലനിന്നിരുന്നു. ചാലിയാറിലെ ഉപ്പുവെള്ളം തട്ടിയാണ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുമ്പ് ഷട്ടറുകള്‍ തുരുമ്പെടുത്തത്.
ഷട്ടറിട്ടു വെള്ളം തടഞ്ഞുനിര്‍ത്താതിരുന്നാല്‍ ചാലിയാര്‍, ഇരുവഴിഞ്ഞി, ചെറുപുഴ എന്നവയുടെ തീരങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ കിണറുകള്‍ വറ്റും. ചാത്തമംഗലം, മാവൂര്‍, കുന്ദമംഗലം പഞ്ചായത്തുകളിലെ ഹെക്ടര്‍ കണക്കിനു കൃഷിഭൂമി വരണ്ടുണങ്ങുകയും ചെയ്യും.
മെഡിക്കല്‍ കോളജിലേക്കു ശുദ്ധജലം വിതരണം ചെയ്യുന്ന കൂളിമാട് പി.എച്ച്.ഇ.ഡിയിലെ പമ്പ്ഹൗസിന്റെ പ്രവര്‍ത്തനവും താളംതെറ്റും. തിരുവനന്തപുരം, പാലക്കാട് ജില്ലയിലെ മലമ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദഗ്ധര്‍ ഷട്ടറിന്റെ കേടുപാടുകള്‍ പരിശോധിക്കുന്നതിനു വിവിധ ഘട്ടങ്ങളില്‍ ഊര്‍ക്കടവിലെത്തിയിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."