മത്സ്യത്തൊഴിലാളിയുടെ പണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍
കുന്ദമംഗലം: പടനിലം പൂനൂര്‍ പുഴയിലെ പാറക്കടവ് കടവില്‍ കുളിക്കാനിറങ്ങിയ മത്സ്യ തൊഴിലാളിയെ പുഴയിലേക്ക് തള്ളിയിട്ട് പണം കവര്‍ന്ന കേസിലെ പ്രതികളിലൊരാളെ കുന്ദമംഗലം പൊലിസ് പിടികൂടി. ചെലവൂര്‍ പുതിയേടത്ത് അനസി(23) നെയാണ് പെരിങ്ങളത്ത് വച്ച് കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച യാണ് സംഭവം നടന്നത്. മത്സ്യ കച്ചവടം നടത്തുന്ന ആരാമ്പ്രം പുള്ളൂണിച്ചാലില്‍ ആലിക്കുട്ടി കച്ചവടം കഴിഞ്ഞു സ്ഥിരമായി കുളിക്കാറുള്ള പാറക്കടവില്‍ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് കുളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന അപരിചിതരായ രണ്ടു പേര്‍ പെട്ടെന്ന് ഇയാളെ വെള്ളത്തിലേക്ക് ഉന്തിയിടുകയും അഴിച്ചുവെച്ച വസ്ത്രത്തിനടിയില്‍ നിന്നും 46000 രൂപയടങ്ങിയ പൊതിയെടുത്ത് മോട്ടോര്‍ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.
അപകടകരമാംവിധം പാറക്കൂട്ടങ്ങളും രണ്ടാള്‍പൊക്കത്തില്‍ വെള്ളവുമുള്ള ഈ കടവില്‍ നീന്തല്‍ വശമുണ്ടായതു കൊണ്ട് മാത്രമാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. അറസ്റ്റിലായ പ്രതിയോടൊപ്പമുണ്ടായിരുന്നവരെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."