ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധം ശക്തം
കൊയിലാണ്ടി: കൊല്ലം ടൗണിലെ ബസ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതില്‍ വ്യാപക പ്രതിഷേധം. ടൗണിലെ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്റ്റോപ്പ് ടൗണില്‍ നിന്നും ഏറെ അകലെ വില്ലേജ് ഓഫിസിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.
കൊല്ലം അങ്ങാടിയിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനാണ് ഈ നടപടിയെന്ന് നഗരസഭയും ട്രാഫിക്ക് പൊലിസും പറയുന്നുണ്ടെങ്കിലും പ്രായമായവരും രോഗികളും ഇതു മൂലം ദുരിതമനുഭവിക്കുന്നു.
ശ്രീ പിഷാരികാവ് ക്ഷേത്രം,പാറപ്പള്ളി മഖാം,വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലെത്തുന്നവര്ക്കും ബസ് ലഭിക്കാനായി കിലോമീറ്ററിനടുത്ത് നടക്കേണ്ടി വരുന്നു.
കുറ്റിക്കാടുകളും ഇടവഴികളും സമീപത്തെ റെയില്‍വേ പാളവും ഈ സ്റ്റോപ്പിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീതിയുണ്ടാക്കുന്നു.
സമീപത്ത് ഡിവൈഡര്‍ ഉള്ളതിനാല്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്ന ബസ്സിനെ മറ്റ് വാഹനങ്ങള്‍ മറികടക്കുന്നതിനിടയില്‍ അപകട സാധ്യത ആശങ്കയുണ്ടാക്കുന്നു.
റോഡിലെ വളവും അമിത വേഗതയിലെത്തുന്ന വാഹനങ്ങളും ബസ്റ്റോപ്പിലേക്ക് റോഡ് കുറുകെ കടക്കുന്ന യാത്രക്കാര്‍ക്കും പ്രശ്നങ്ങള്‍ വരുത്തുന്നു. ചര്‍ച്ചകളില്ലാതെ ബസ്റ്റോപ്പ് ഏകപക്ഷീയ തീരുമാനത്തില്‍ മാറ്റി സ്ഥാപിച്ച നഗരസഭയുടെയും ട്രാഫിക്ക് പൊലിസിന്റെയും നീക്കത്തില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഇവര്‍ക്കെതിരേ വലിയ പ്രതിഷേധ മാണ് ഉണ്ടായത്.
ബസ്റ്റോപ്പ് പഴയ സ്ഥലത്ത് തന്നെ സ്ഥാപിക്കണമെന്നും ഓട്ടോസ്റ്റാന്റ് നവീകരിക്കുകയും പീടികകളുടെ ഇറകള്‍ നീളം കുറക്കുകയും ചെയ്താല്‍ വിശാലമായ സൗകര്യം ലഭ്യമാകുമെന്നും കൊല്ലം യൂനിറ്റ് വ്യാപാരി നേതാക്കളായ പി.എം സത്യന് ,ബഷീര്‍ എടത്തിക്കണ്ടി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."