അകക്കണ്ണിന്റെ വെളിച്ചത്തില്‍ പഠിച്ച് മിടുക്കനായി; ഇനി ലിബുവിനു വേണം ഒരു ജോലി
മഞ്ചേരി: അകക്കണ്ണിന്റെ വെളിച്ചത്തില്‍ പഠിച്ചു മിടുക്കനായ മഞ്ചേരി പുല്ലാര അങ്ങാടിപ്പറമ്പന്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായ ലിബു ഇനി കാത്തിരിക്കുന്നതു കുടുംബത്തെ പോറ്റാന്‍ ഒരു ജോലി . ജന്മന അന്ധനായ ലിബു പഠനവഴിയില്‍ പരീക്ഷണങ്ങളെ അതിജീവിച്ചാണു മിടുക്കു തെളിയിച്ചത്. അധ്യാപകനാവാന്‍ ആഗ്രഹിച്ചു ചെങ്ങരയിലെ ബിഎഡ് സെന്ററില്‍നിന്നും ബിഎഡ് പരീക്ഷ മികച്ച മാര്‍ക്കോടെ പാസായി. ജോലിക്കുവേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. പക്ഷേ ഫലം നിരാശ മാത്രമായിരുന്നു.
സഹോദരി വിജിക്കും ലിബുവിനെ പോലെ കാഴ്ചയില്ല. വിജി എസ്.എസ്.എല്‍.സി വിജയിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ പഠനം തുടരാന്‍ സാധിക്കാതെ പോയി. തുടര്‍ന്നു വീട്ടില്‍ അമ്മയെ സഹായിക്കുന്നതില്‍ മുഴുകി. കാഴ്ചശക്തിയില്ലാതെയാണു നാലു മക്കളില്‍ രണ്ടു പേര്‍ പിറന്നതെങ്കിലും അവരെ വെളിച്ചത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ നാരായണനും ലക്ഷ്മിയമ്മയും കഴിവതു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കാഴ്ചയുടെ ലോകത്തേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നു ഡോക്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കാനും കഴിയുന്നില്ലെന്നു അമ്മ ലക്ഷ്മി പറഞ്ഞു.
കാഴ്ചയില്ലെങ്കിലും തന്റെ കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യാനാണ് ഇവര്‍ക്കു താല്‍പര്യം . മമ്പാട് എംഇഎസ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ലിബു പെട്ടെന്നു ജോലി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ പഠനം കഴിഞ്ഞിട്ടും നല്ലൊരു ജോലി തന്നെ തേടി എത്താത്തതില്‍ ദു:ഖിതനാണ് ഈ യുവാവ് . കോഴിക്കോട് ആര്‍ട്‌സ് കോളജില്‍ നിന്നാണു ബിരുദാനന്തര ബിരുദം നേടിയത്. പഠനകാലയളവില്‍ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും നിര്‍ലോഭമായ സ്‌നേഹവും പിന്തുണയും ലഭിച്ചു. കാഴ്ചക്കുറവു പലപ്പോഴും പഠനത്തെ സാരമായി ബാധിച്ചെങ്കിലും കൂടുതല്‍ സമയമെടുത്തു പഠനം തുടര്‍ന്നു. ഇതിനിടെ സഹപാഠികള്‍ പഠനം പൂര്‍ത്തിയാക്കി പലരും സര്‍ക്കാര്‍ ജോലിക്കാരായി മാറിയിരുന്നു. എന്നാല്‍ കൂട്ടുകാരെ പോലെയല്ലെങ്കിലും ജീവിക്കാനുള്ള ഒരു വകയ്‌ക്കെങ്കിലും തൊഴില്‍ വേണമെന്നാണ് ഈ യുവാവിന്റെ മോഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."