കേരളത്തിലെ മുസ്‌ലിം ജനത മാതൃക: യു.പി മന്ത്രി മുഹമ്മദ് അബ്ബാസ്
കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം ജനത ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്ക് എല്ലാ നിലയിലും മാതൃകയാണെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി മുഹമ്മദ് അബ്ബാസ്.
റവാബി-ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉംറ-ലക്ഷ്യവും മാര്‍ഗവും എന്ന വിഷയത്തെ ആസ്പദമാക്കി ടാഗോര്‍ഹാളില്‍ സംഘടിപ്പിച്ച പഠനക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായും കേരളത്തിലുള്ള മുസ്‌ലിം സമൂഹം ഉത്തരേന്ത്യയിലുള്ളവര്‍ക്ക് മാതൃകയാണ്. സാമ്പത്തികമായ ഉന്നതിയിലുള്ള ആളുകള്‍ വടക്കേ ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യാനന്തരം പാകിസ്താനിലേക്ക് പോയപ്പോള്‍ എല്ലാ നിലയിലും പിന്നോക്കമായ ന്യൂനപക്ഷസമുദായം നേതൃത്വമില്ലാതെ അനാഥരായിപ്പോയി. ഇതായിരുന്നു ഇത്തരമൊരു അവസ്ഥക്ക് കാരണമായത്. എന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ-മത, സാമൂഹ്യനേതൃത്വം സമുദായത്തിന്റെ സമഗ്രമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും അത് ഫലം കാണുകയും ചെയ്തു. ഇതാണ് ഇവിടെ മതസൗഹാര്‍ദവും സാഹോദര്യവും നിലനില്‍ക്കാന്‍ കാരണം.
കേരളത്തില്‍ നിന്നുള്ള സന്നദ്ധ സംഘടനകള്‍ ഉത്തരേന്ത്യയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ആരംഭിക്കണം. അതിന് സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. ഹാഫിള് അബ്ദുല്‍ ഗഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
എന്‍.സി അബൂക്കര്‍, സുഹൈല്‍ ദാരിമി, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, യൂസുഫ് ദാരിമി, സിദ്ദീഖ് ബാഖവി, മുഹമ്മദ് ഫൈസി, അബ്ദുല്ലക്കോയ, ഇസ്മാഈല്‍ വെള്ളയില്‍, വി. ഉസ്മാന്‍കോയ, ഉമ്മര്‍ വെള്ളലശ്ശേരി, കെ.പി ഹാനി, വി. മൊയ്തു ഹാജി തിക്കോടി എന്നിവര്‍ സംസാരിച്ചു. കെ.ടി നസീര്‍ അധ്യക്ഷനായി. കെ.ടി.എ സത്താര്‍ സ്വാഗതവും റഹ്മാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."