വീടുകളില്‍ എക്‌സൈസ് റെയ്ഡ് സ്ത്രീയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
തൃശൂര്‍: മാറ്റാമ്പുറത്ത് എക്‌സൈസ് റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവും മൂന്നു ലിറ്റര്‍ വിദേശമദ്യവും 10,200 രൂപയുമടക്കം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്നുപേരെ അറസ്റ്റു ചെയ്തു. മാറ്റാമ്പുറം പുളാക്കല്‍ പ്രദേശത്തെ വീടുകളില്‍ നാലു സംഘമായി തിരിഞ്ഞ് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
പൂളാക്കല്‍ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതായും രഹസ്യവിവരമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് നാലു സംഘങ്ങളായി തിരിഞ്ഞ് ഇവിടത്തെ വീടുകളില്‍ കയറി എക്‌സൈസ് പരിശോധന നടത്തിയത്.
പൂളാക്കല്‍ പ്രദേശത്തെ താമസക്കാരായ ശാന്ത(50), സന്ദീപ്(29), ജെയ്‌സണ്‍(28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൂന്നുപേരുടെയും വീടുകളില്‍ നിന്നാണ് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചത്. ജെയ്‌സന്റെ വീട്ടില്‍ കോഴിക്കൂടിന് താഴെ മണ്ണില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു
600 ഗ്രാം കഞ്ചാവ്. കുഴി മണ്ണിട്ടു മൂടി അതിനു മുകളില്‍ ഓട് വിരിച്ച് യാതൊരു സംശയവും തോന്നാത്ത വിധമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ജെയ്‌സനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചത് എക്‌സൈസ് സംഘത്തിന് കാണിച്ചു കൊടുത്തത്. വിദേശമദ്യത്തിന്റെ മൂന്നു കുപ്പികളും കള്ളച്ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
വാറ്റുപകരണങ്ങള്‍ പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവ് വില്‍ക്കാനുള്ള അഞ്ഞൂറോളം പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. 14 വയസുമുതല്‍ 80 വയസുവരെയുള്ളവര്‍ വരെ പൂളാക്കല്‍ പ്രദേശത്ത് കഞ്ചാവ് വാങ്ങാനെത്താറുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. രാത്രിയില്‍ കൂട്ടം കൂടിയിരുന്ന് വിദ്യാര്‍ഥികള്‍ കഞ്ചാവ് വലിക്കുന്നതായും വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത പണം കഞ്ചാവ് വില്‍പ്പനയില്‍ നിന്നും ലഭിച്ചതാണ്. ഡിണ്ടിഗലില്‍ നിന്നെത്തുന്ന നീലച്ചടയന്‍ കഞ്ചാവാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.
ഒരു കിലോക്ക് 15,000 രൂപ കൊടുത്ത് വാങ്ങുന്ന ഈ കഞ്ചാവ് ഇവിടെ വിറ്റഴിക്കുമ്പോള്‍ കിലോയ്ക്ക് 40,000 രൂപ ലഭിക്കും. എക്‌സൈസ് തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ എ.ജി.പ്രകാശ്, തൃശൂര്‍ സി.ഐ കെ.കെ.ശശിധരന്‍, കോലഴി ഇന്‍സ്‌പെക്ടര്‍ ദേവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ എക്‌സൈസ് ഓഫിസര്‍മാരടക്കം മുപ്പതോളം പേര്‍ ഒരു മണിക്കൂറോളം നീണ്ട റെയ്ഡില്‍ പങ്കെടുത്തു.
കട്ടിലപൂവ്വം, പുല്ലംകണ്ടം, ചെന്നിക്കര, താണിക്കുടം, കരുവാന്‍കാട് പ്രദേശങ്ങളിലും എക്‌സൈസ് സംഘം പരിശോധന നടത്തി. ഈ മേഖലകളില്‍ കഞ്ചാവ് വില്‍പന നടത്തുന്നവരെക്കുറിച്ച് എക്‌സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."