നഗരസഭ മാസ്റ്റര്‍ പ്ലാന്‍: കരട് നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു
കൊടുങ്ങല്ലൂര്‍: പത്ത് മേഖലകളിലായി 32 വിവര വിശകലനത്തിലെ പ്രധാന കണ്ടെത്തലുകള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളും നഗരവികസനവും ലക്ഷ്യമാക്കിയുള്ള നഗരസഭ മാസ്റ്റര്‍ പ്ലാന്‍ കരട് നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഗതാഗത രംഗത്ത് നഗരത്തില്‍ പതിനെട്ട് മീറ്റര്‍ നീളത്തില്‍ നാല് കോറിഡോര്‍ റോഡുകളും, അഞ്ച് അതിപ്രധാന റോഡുകളും, പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ പതിനഞ്ച് റോഡുകള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്യുന്നു. ചന്തപ്പുരയിലും, അഞ്ചപ്പാലത്തും ദേശിയപാത പതിനേഴിന് കുറുകെ ഫ്‌ളൈ ഓവറുകളും നഗരത്തിലെ എല്ലാ റോഡുകള്‍ക്കും ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വീതിയില്‍ നടപ്പാതകളും, വടക്കെനടയില്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ ഓവര്‍ പാസും വിഭാവനം ചെയ്തിട്ടുണ്ട്.
തീര്‍ഥാടകരുടെ ആവശ്യത്തിനായി നഗരസഭ കെട്ടിടങ്ങളുടെ മുകളില്‍ ഡോര്‍മെറ്ററികള്‍ ആരംഭിക്കും. നഗരസഭ പ്രദേശങ്ങളില്‍ മാതൃകാ കൃഷിതോട്ടങ്ങള്‍ രൂപപ്പെടുത്തുകയും, ഡയറിഫാമുകള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. ചെമ്മീന്‍, ഞണ്ട്, കരിമീന്‍ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും.
നാരായണമംഗലത്ത് വ്യവസായ എസ്റ്റേറ്റ്, ക്ഷീര പാര്‍ക്ക് എന്നിവ സ്ഥാപിക്കും. ചാപ്പാറയില്‍ മത്സ്യ സംസ്‌കരണ യൂനിറ്റും, വളം യൂനിറ്റും സ്ഥാപിക്കും. ചാപ്പാറ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കുകയും ചെയ്യും.
പടാകുളം അഴീക്കോട് റോഡില്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സ്, തെക്കെനടയില്‍ മുനിസിപ്പല്‍ ഓഫിസ് കോംപ്ലക്‌സ്, ടി.കെ.എസ്. പുരത്ത് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്, ടൗണ്‍ഹാള്‍ നവീകരണം, കോട്ടപ്പുറം ചന്ത നവീകരണം, നീന്തല്‍ കുളം, സ്റ്റേഡിയം, ദളവാകുളം, പടാകുളം, അരാകുളം എന്നിവയുടെ സൗന്ദര്യവല്‍ക്കരണം തുടങ്ങിയ നിരവധി പദ്ധതികള്‍ക്കാണ് മാസ്റ്റര്‍ പ്ലാനില്‍ രൂപം നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് നടന്ന കൗണ്‍സില്‍യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."