ബി.ജി വിഷ്ണു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കയ്പമംഗലം: ഒക്‌ടോബര്‍ 21 ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബി.ജി വിഷ്ണു കളത്തിലിറങ്ങും. മണ്ഡലം കമ്മിറ്റിയുടെ പാനലിന് പരിഗണന നല്‍കാതെയാണ് വിഷ്ണുവിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ മൂന്ന് പേരുകളും ജില്ലാ കമ്മിറ്റി തള്ളുകയായിരുന്നു.
മണ്ഡലം സെക്രട്ടറി പി.വി മോഹനന്‍, സെക്രട്ടറിയേറ്റംഗം ടി.പി രഘുനാഥ്, എ.ഐ.വൈ.എഫ്.മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍ കണ്ണന്‍ എന്നിവരുടെ പേരുകളാണ് കഴിഞ്ഞ ദിവസം കൂടിയ മണ്ഡലം കമ്മിറ്റി ജില്ലാ കമ്മറ്റിക്ക് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റും സി.പി.ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറിയേറ്റംഗം ബി.എ ഗോപിയുടെ മകനുമായ ബി.ജി വിഷ്ണുവിനാണ് നറുക്ക് വീണത്.
ഇന്നലെ രാവിലെ നടന്ന ജില്ലാ കമ്മറ്റിയില്‍ വിഷ്ണുവിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു. വൈകിട്ട് നടന്ന മണ്ഡലം കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം അറിയിച്ചു. അതോടെ സ്ഥാനാര്‍ഥിത്വവുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങി. ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ സ്ഥാനാര്‍ഥിയായി ബി.ജി വിഷ്ണുവിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ച് കയ്പമംഗലം മണ്ഡലം കമ്മിറ്റി നല്‍കിയ പാനല്‍ ജില്ലാ കമ്മിറ്റി അംഗീകരിക്കാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
പി.ആര്‍ കണ്ണന്‍, ടി.പി രഘുനാഥ് എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അണികള്‍ക്കിടയിലുണ്ടായ കണക്കു കൂട്ടല്‍. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കൂടിയായ സ്ഥാനാര്‍ഥി ബി.ജി വിഷ്ണു ബാലവേദിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെച്ചത്. നിരവധി തവണ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തംഗമായിരുന്ന പിതാവ് ബി.എ ഗോപിയുടെ കൈപിടിച്ചാണ് മകനും ഈ രംഗത്തേക്കു കടന്നു വന്നത്. അതുകൊണ്ട് തന്നെ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ജനങ്ങള്‍ക്കൊപ്പമാണെന്നാണ് നേതൃത്വം പറയുന്നത്.
മുതിര്‍ന്ന നേതാക്കളെയെല്ലാം മാറ്റി നിര്‍ത്തി വിഷ്ണുവിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കയ്പമംഗലത്ത് പുതിയ താരോദയത്തിനാണ് ജില്ലാ കമ്മിറ്റി അവസരമൊരുക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍ തന്നെ വിഷ്ണുവിന വിജയിപ്പിക്കാനഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."