ആനകള്‍ക്ക് വനം വകുപ്പിന്റെ കൂച്ചുവിലങ്ങ്: ഉത്സവ പ്രേമികള്‍ ആശങ്കയില്‍
കുന്നംകുളം: നാട്ടാന പരിപാലന നിയമം വനംവകുപ്പ് കര്‍ശനമാക്കിയതോടെ പ്രശസ്തമായ പഴഞ്ഞി പള്ളി പെരുനാളിന് ഇത്തവണ ആനകള്‍ കുറയും. പകല്‍ 10 മുതല്‍ മൂന്ന് വരെ ആനയെ എഴുന്നള്ളിക്കാന്‍ പാടില്ലെന്ന നിര്‍ദേശമാണ് ആഘോഷത്തിന് തിരിച്ചടിയായത്. രാത്രിയും പകലുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ 50ല്‍പരം ആനകളെ എഴുന്നള്ളിച്ചാണ് പെരുന്നാള്‍ ആഘോഷിച്ചിരുന്നത്. ആനകളെ രാത്രി എഴുന്നള്ളിക്കാന്‍ നിയമ തടസമില്ലെങ്കിലും ഒരു നേരത്തേക്ക് മാത്രമായി വന്‍ തുക നല്‍കാന്‍ കമ്മറ്റിക്കാരാരും തയ്യാറാകുന്നില്ല. അന്‍പതോളം പ്രാദേശിക കമ്മിറ്റികളാണ് പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ ഗജപ്രമാണിമാരെ മത്സരിച്ചണിനിരത്തുന്ന പഴഞ്ഞിയില്‍ ഇത്തവണ പത്തോളം കമ്മിറ്റികള്‍ മാത്രമാണ് ആനകളെ അണിനിരത്തുന്നത്.
പെരുന്നാളിന് എത്തുന്ന ആനകളെ ചമയങ്ങളില്ലാതെ അണിനിരത്തുന്ന സ്‌കൂളില്‍ അണിനിരത്തി കൊണ്ടാടുന്ന ഗജസംഗമം ആഘോഷത്തിന്റെ പെരുമയായിരുന്നു. കഴിഞ്ഞ തവണ അന്‍പതോളം ആനകളാണ് ഗജസംഗമത്തില്‍ പങ്കെടുത്തത്. ഇത് കാണാന്‍ പരിസര ജില്ലകളില്‍ നിന്നുപോലും ആളുകള്‍ തടിച്ചുകൂടുമായിരുന്നു. ഗജസംഗമത്തിന്റെ പ്രധാന സംഘാടകരായ ഗ്രൗണ്ട് ഡെക്കറേഷന്‍ കമ്മിറ്റി ഇത്തവണ ആനകള്‍ കുറഞ്ഞതിനാലാണ് ഗജസംഗമത്തില്‍ നിന്ന് പിന്‍വാങ്ങിയത്. എല്ലാവര്‍ഷവും ഇത്തരത്തിലുള്ള നിയമങ്ങളുണ്ടാകാറുണ്ടെങ്കിലും അത് ഉത്സവങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ പകല്‍ സമയത്ത് ആനയെ എഴുന്നള്ളിപ്പിച്ചതിന് അയ്യങ്കുളങ്ങര പള്ളി പെരുന്നാള്‍ കമ്മിറ്റിക്കെതിരേ വനം വകുപ്പിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കേസെടുത്തതോടെ ഉത്സവ കമ്മിറ്റിക്കാര്‍ ആനപ്രേമത്തില്‍ നിന്നും പതിയെ പിന്‍വാങ്ങി തുടങ്ങുകയാണ്.
ആനകളുടെ കുറവ് മേളത്തില്‍ നികത്താമെന്ന കണക്ക് കൂട്ടലിലാണ് ആഘോഷ കമ്മിറ്റികള്‍. എന്നാല്‍ കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്‍മാരെ അണിനിരത്തിയുള്ള കുന്നംകുളത്തിന്റെ തനത് ഉത്സവ കാഴ്ചകള്‍ക്ക് നിറംമങ്ങുമെന്നതിനാല്‍ വനം വകുപ്പിന്റെ ഉത്തരവിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കാനും ചിലര്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്സവാഘോഷങ്ങള്‍ മുന്നില്‍ കണ്ട് ലക്ഷങ്ങള്‍ നല്‍കി ആനകളെ പാട്ടത്തിനെടുത്തവര്‍ക്കാണ് നിയമം തലവേദനയാവുക. രാത്രിയിലെ ആഘോഷത്തിന് മാത്രമായി വലിയ തുക നല്‍കാന്‍ പല കമ്മിറ്റികളും മടികാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."