റെയില്‍വെ ട്രാക്കില്‍ സ്‌കൂട്ടര്‍ തള്ളിയ കേസ്: മൂന്ന്‌പേര്‍ പിടിയില്‍
വടകര: ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം റെയില്‍വെട്രാക്കില്‍ സ്‌കൂട്ടര്‍ തള്ളിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. അഴിയൂര്‍ സ്വദേശി കോട്ടിക്കൊല്ലന്റവിട പുതിയപുരയില്‍ സാജിര്‍(27), വടകര ബീച്ച് റോഡിലെ കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് നസീഹ്(29), വടകര ബീച്ച് റോഡിലെ വൈക്കിലേരി പുതിയപുരയില്‍ യാസിര്‍ അറഫാത്ത്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22 ന് പുലര്‍ച്ചെ 12.10 ഓടെയാണ് സംഭവം. ചോറോട് പഞ്ചായത്തിലെ പള്ളിത്താഴ പി.വി.സി ഹൗസില്‍ ജാസിറിന്റെ സ്‌കൂട്ടര്‍ പ്രതികള്‍ മോഷ്ടിച്ചതിനുശേഷം റെയില്‍വേട്രാക്കില്‍ കൊണ്ടിടുകയായിരുന്നു. പ്രതികള്‍ക്ക് ജാസിറിനോടുള്ള വ്യക്തിവിദ്വേഷം കാരണമാണ് സംഭവം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപത്താണ് പ്രതികള്‍ സ്‌കൂട്ടര്‍ റെയില്‍പാളത്തിലേക്ക് തള്ളിയത്. അല്‍പസമയത്തിനുള്ളില്‍ എത്തിയ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കയറി സ്‌കൂട്ടര്‍ ചിന്നിച്ചിതറിയിരുന്നു.
ആര്‍.പി.എഫും റെയില്‍വെ ഉദ്യോഗസ്ഥരും വടകര പൊലിസും നടത്തിയ അന്വേഷണത്തിലാണ് ചോറോട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ പള്ളിത്താഴയിലെ ജാസിറിന്റേതാണ് സ്‌കൂട്ടര്‍ എന്നറിയുത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ദുബൈയില്‍ നിന്ന് ജാസിര്‍ നാട്ടിലെത്തിയത്. ഇയാളുടെ സമീപവാസി പള്ളിത്താഴയില്‍ അര്‍ഷാദിന്റെ കെ.എല്‍ 18 ജെ 3019 നമ്പര്‍ പള്‍സര്‍ ബൈക്കിന് അന്നുതന്നെ തീയിടുകയും ചെയ്തിരുന്നു.
ഇത് കെടുത്താന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടയിലാണ് ജാസിറിന്റെ സ്‌കൂട്ടര്‍ റെയില്‍പാളത്തില്‍ തള്ളിയതറിയുന്നത്. സംഭവത്തില്‍ ദുരൂഹത സൃഷ്ടിക്കാന്‍ ജാസിറിന്റെ സ്‌കൂട്ടറിന്റെ നമ്പര്‍ മാറ്റിയാണ് റെയില്‍പാളത്തില്‍ കൊണ്ടിട്ടത്. ജാസിറും അര്‍ഷാദും പ്രതികളും സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് അകന്നിരുന്നു.
ഇതിന്റെപേരില്‍ ജാസിറിനെയും അര്‍ഷാദിനെയും കേസില്‍കുടുക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് റൂറല്‍ എസ്.പി എന്‍ വിജയകുമാര്‍ പറഞ്ഞു. പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമവും ഇതിനുപിന്നിലുണ്ട്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഡിവൈ.എസ്.പി വി.പി സുരേന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ഉമേഷ്, എസ്.ഐമാരായ രാമകൃഷ്ണന്‍, സുധാകരന്‍, വിജയന്‍, എ.എസ്.ഐ വാസു, പൊലിസ് ഉദ്യോഗസ്ഥരായ രാജീവന്‍, ഷാജി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. പ്രദേശത്തെ യുവാക്കളെ മുഴുവന്‍ ചോദ്യംചെയ്ത സംഘം മൊബൈല്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും സംഘടിപ്പിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
പ്രതികളെ റെയില്‍വെ പൊലിസും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളും ചോദ്യം ചെയ്യും. ട്രെയിന്‍ അട്ടിമറി ശ്രമത്തിന് റെയില്‍വെ ആക്ട് 150 എ പ്രകാരവും മറ്റ് ഐ.പി.സി വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേരെയും സ്‌കൂട്ടര്‍ കൊണ്ടിട്ട റെയില്‍വേ ട്രാക്കിലെത്തിച്ച് തെളിവെടുത്തു. മൂന്നുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."