9/11 ബില്ല്: തന്റെ വീറ്റോ കോണ്‍ഗ്രസ് തള്ളിയത് തെറ്റായെന്ന് ഒബാമ
ന്യൂയോര്‍ക്ക്: 9/11 ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കായി തയാറാക്കിയ ബില്ലില്‍ തന്റെ വീറ്റോ മറികടന്ന കോണ്‍ഗ്രസ് നടപടി തെറ്റായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളെ സഊദി അറേബ്യക്കെതിരേ നിയമനടപടിക്കു നീങ്ങാന്‍ സഹായിക്കുന്നതാണ് ബില്ല്. ലോകത്തെ ഇതര രാഷ്ട്രങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിനു നേരെ കേസ് കൊടുക്കാനുള്ള അപകടകരമായ സ്ഥിതിയാണ് ബില്ല് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒബാമ പറഞ്ഞു.
ഇതാദ്യമായാണ് ഒബാമയുടെ വീറ്റോ തള്ളപ്പെടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ബില്ല് ദേശീയ സുരക്ഷയ്ക്കു ഭീഷണമായ സൂചനയാണു നല്‍കുന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ ഡയരക്ടര്‍ ജോണ്‍ ബ്രെണ്ണനും പറഞ്ഞു.
ജസ്റ്റിസ് എഗെയ്ന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം(ജാസ്റ്റ) എന്ന പേരുള്ള ഈ ബില്ലു വഴി 9/11 ആക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങള്‍ക്കു സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന സഊദി സര്‍ക്കാരിലെ ഏത് അംഗത്തിനെതിരേയും കേസ് കൊടുക്കാം. നേരത്തെ, ഭീകരാക്രമണത്തിന് സഊദി ഫണ്ട് ചെയ്തതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സംശയമുയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."