സ്ത്രീകളുടെ പ്രയത്‌നം കൂടി രാജ്യത്തിനു ആവശ്യമുണ്ട്: പി.കെ ബിജു എം.പി
കുന്നംകുളം: സ്ത്രീകളെ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും സ്ത്രീകളുടേ പ്രയത്‌നം കൂടി രാജ്യത്തിനും സമൂഹത്തിനും ആവശ്യമുണ്ടെന്നും ആലത്തൂര്‍ എം.പി പി.കെ ബിജു. കുന്നംകുളം സര്‍ക്കാര്‍ ഗേള്‍സ് സ്‌ക്കൂളില്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ആരംഭിച്ച മഴപൊലിമ പദ്ധതിയുടെ സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുദിനം മാറ്റങ്ങളുണ്ടാകുന്ന സമൂഹത്തില്‍ പുതിയ തലമുറക്കൊപ്പം പഴയ തലമുറയും മാറ്റങ്ങള്‍ ഉള്‍കൊള്ളാനും പഠനം നടത്താനും ശ്രമിക്കണം. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം നല്‍കുമ്പോള്‍ അധ്യാപകര്‍ക്കും ഇത് ലഭ്യമാക്കണം. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ലോകനിലവാരത്തിലേക്കുയര്‍ത്താനുള്ള ലക്ഷ്യത്തിലാണ് സര്‍ക്കാര്‍. ഇതിനായി ആയിരും കോടി രൂപ വകയിരുത്തിയതായും എം.പി പറഞ്ഞു. ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നംകുളം മോഡല്‍ ഗേള്‍സ് സ്‌കൂളിന് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് കമ്പ്യൂട്ടറുകള്‍ അനുവദിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തിനും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിനും അഞ്ചു വീതം കമ്പ്യൂട്ടറുകളാണ് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്നത്.
കമ്പ്യൂട്ടറുകള്‍ അനുവദിച്ചതായുളള കത്ത് പ്രിന്‍സിപ്പാളിനും, ഹെഡ്മിസ്ട്രസ്സിനും എം.പി നേരിട്ട് കൈമാറി. പൊതുവിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ എം.പി നടപ്പാക്കുന്ന പദ്ധതിയാണ് ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യം, ഐ.ടി പഠനം, യാത്രാ സൗകര്യം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയില്‍ നിന്നും എം.പി ഫണ്ടനുവദിക്കുന്നുണ്ട്. ഇതനുസരിച്ച് സ്‌കൂളുകള്‍ക്ക് ഐ.ടി വികസനം മെച്ചപ്പെടുത്തുന്നതിനും വാഹനം വാങ്ങുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എം.പി തുകയനുവദിച്ചിട്ടുണ്ട്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സക്കറിയ ചീരന്‍ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ സുമാ ഗംഗാധരന്‍, പ്രധാനാധ്യാപികമാരായ ബേബി ജയശ്രീ, മേരിജ റുഷ, ലബീബ് ഹസ്സന്‍, ജോബ്‌രാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."