സ്വര്‍ണമാലക്ക് നിറം പോരെന്ന് വീട്ടമ്മക്ക് തോന്നല്‍; ലായനി പ്രയോഗം വിനയായി
ചെറുതുരുത്തി: കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ മാലക്ക് നിറമത്ര പോരെന്ന് നിര്‍ധന കുടുംബാംഗമായ വീട്ടമ്മക്കുണ്ടായ തോന്നല്‍ തുണയായത് ഇതര സംസ്ഥാനക്കാരായ തട്ടിപ്പ് സംഘത്തിന്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വീട്ടമ്മക്ക് നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ച് ലഭിക്കാന്‍ ഇടയാക്കിയപ്പോള്‍ ആശങ്ക സന്തോഷത്തിലേക്ക് വഴിമാറി. ചെറുതുരുത്തി മേച്ചേരി കുന്നിലാണ് സംഭവം. കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ മാലക്ക് കളറില്ലെന്ന് പറഞ്ഞാണ് രണ്ടംഗ സംഘം പ്രദേശത്തെ വീട്ടമ്മയെ സമീപിച്ചത്. വെട്ടിത്തിളങ്ങുന്ന കളര്‍ സൃഷ്ടിച്ച് തരാമെന്ന് യുവാക്കള്‍ വാഗ്ദാനം നല്കിയപ്പോള് മുക്കാല്‍ പവന് തൂക്കം വരുന്ന മാല വീട്ടമ്മ യുവാക്കള്‍ക്ക് ഊരി നല്കി. യുവാക്കള്‍ കൈയില്‍ സൂക്ഷിച്ചിരുന്ന ലായനിയില്‍ മുക്കിയപ്പോള്‍ മാലക്ക് തങ്കതിളക്കം.
ആ തിളക്കത്തിന് ഏതാനും മിനിറ്റുകളുടെ ആയുസ് മാത്രമെ നീണ്ടുനിന്നുള്ളു. ഇതോടെ സന്തോഷം സങ്കടത്തിലേക്ക് വഴിമാറി. നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. യുവാക്കളെ കയ്യോടെ പൊക്കി സ്വര്‍ണ പണിക്കാര്‍ക്ക് മുന്നിലെത്തിച്ചു. ഇവരുടെ തന്ത്രത്തിന് മുന്നില്‍ മുക്കിയ സ്വര്‍ണം പൊങ്ങി വീട്ടമ്മക്ക് കൈമാറുകയും ചെയ്തു.
കേസും പൊല്ലാപ്പുമൊന്നും വേണ്ടെന്ന് വീട്ടമ്മയുടെ അപേക്ഷ. പരാതി നല്‍കാനില്ലെന്നും അറിയിച്ചതോടെ നാട്ടുകാര്‍ യുവാക്കള്‍ക്ക് താക്കീത് നല്കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."