ബാലാജിയുടെ നന്മ; നാടും റോഡും തിളങ്ങുന്നു
കോഴിക്കോട്: അതിരാവിലെ കുറ്റിച്ചൂലും ബക്കറ്റും അരിവാളുമായി ബാലാജി റോഡിലേക്കിറങ്ങും. റോഡിലെ മാലിന്യങ്ങളും കരിയിലകളും തൂത്തുവാരും. ചുമരിലെ പുല്ലുകള്‍ പറിച്ച് ദൂരെയെറിയും. വര്‍ഷങ്ങളായുള്ള ഈ ശീലമാണ് കാളൂര്‍ ബാലഗോപാലനെ നാട്ടുകാരുടെ ബാലാജിയാക്കി മാറ്റിയത്. ആരുകണ്ടാലും നോക്കിപ്പോകുന്ന തരത്തിലേക്ക് കാളോത്താഴം റോഡിനെ മാറ്റിയെടുത്തതിനു പിന്നില്‍ ആറുവര്‍ഷത്തെ ഇദ്ദേഹത്തിന്റെ അധ്വാനമുണ്ട്. മൂന്നര മണിക്കൂറോളം സമയമാണ് ഇദ്ദേഹം റോഡ് വൃത്തിയാക്കാനായി ചിലവിടുന്നത്. ആദ്യം കാണുന്നവര്‍ ഇദ്ദേഹം കോര്‍പറേഷനിലെ ജീവനക്കാരനാണെന്നാണ് കരുതുക. എന്നാല്‍ സ്വന്തം മനഃസംതൃപ്തിക്കു വേണ്ടിയാണ് ഈ 65കാരന്‍ ചൂലും ബക്കറ്റുമെടുത്ത് തെരുവിലേക്കിറങ്ങുന്നത്.
2007ല്‍ ഇവിടെ വീടുവച്ചപ്പോള്‍ നിങ്ങള്‍ക്ക് വീടുവയ്ക്കാന്‍ വേറെ സ്ഥലമൊന്നും കിട്ടിയില്ലേയെന്ന ഭാര്യയുടെ സഹോദരന്‍ ചോദിച്ച ചോദ്യമാണ് അദ്ദേഹത്തിന്റെ മനസുമാറ്റിയത്. അന്ന് അവിടെ മാലിന്യക്കൂമ്പാരമായിരുന്നു. കാടും പുല്ലും നിറഞ്ഞ് ആര്‍ക്കും വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. സാമൂഹ്യവിരുദ്ധര്‍ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലം. വീട്ടില്‍ താമസം തുടങ്ങി അടുത്ത മാസം മുതല്‍ ബാലാജി തന്റെ ശുചീകരണയജ്ഞം തുടങ്ങി. റോഡിലെ മാലിന്യങ്ങള്‍ നീക്കി, പുല്ല് പറിച്ച് സ്വന്തം വീട്ടുമുറ്റം പോലെ റോഡിനെ കാത്തു സൂക്ഷിക്കും. അതോടെ ആരും റോഡില്‍ മാലിന്യം തള്ളാതായി. വീട്ടുമുറ്റത്തെ കരിയിലകള്‍ റോഡിലേക്കടിച്ചു നീക്കുന്നവരെ കണ്ടെത്തി അവരുടെ വീടുകളില്‍ കയറിയിറങ്ങി ആ പ്രവണതയും ബാലാജി ഇല്ലാതാക്കി. ഇപ്പോള്‍ റോഡിലൂടെ യാത്ര ചെയ്യുന്നവരെല്ലാം നന്ദിയോടെ ബാലാജിയെ ഓര്‍ക്കും.
ശുചീകരണം തുടങ്ങിയതോടെ രാവിലെ നടക്കാനിറങ്ങുന്ന ശീലവും ഇദ്ദേഹം ഉപേക്ഷിച്ചു. രണ്ടുകിലോമീറ്ററോളം വരുന്ന റോഡ് അടിച്ചു വാരി വൃത്തിയാക്കുന്നതിനാല്‍ ഇദ്ദേഹത്തിനു വാര്‍ധക്യസഹജമായ അസുഖങ്ങളൊന്നുമില്ല.
ഓടിന്റെ ബിസിനസുമായി ഇപ്പോഴും സ്വന്തം കാലില്‍ നില്‍ക്കുന്ന ബാലാജി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയിലും അംഗമാണ്. തന്റെ ജോലിക്കിടയിലാണ് ഇവയ്‌ക്കോരോന്നിനും അദ്ദേഹം സമയം കണ്ടെത്തുന്നത്. കൂടാതെ വര്‍ഷത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 15 വിദ്യാര്‍ഥികള്‍ക്ക് ഇദ്ദേഹം സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.
നാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളുമെത്തിയിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലറായിരുന്ന കിഷന്‍ചന്ദ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായിരുന്നതായി ബാലാജി ഓര്‍ക്കുന്നു. ആരോഗ്യം ക്ഷയിക്കും വരെ നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനാണ് ബാലാജിയുടെ ആഗ്രഹം. എന്താണ് ഇതിന് പ്രചോദനമെന്നും ചോദിച്ചാല്‍ ബാലാജി നിസ്സംശയം പറയും..'അവനവന് ആത്മസുഖത്തിന് ആഗ്രഹിക്കുന്നവര്‍ അപരന്ന് ഗുണത്തിനായ് വരേണം...'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."