തെരുവുനായയുടെയും ഭ്രാന്തന്‍ കുറുക്കന്റെയും ആക്രമണം ;പൊലിസുകാരനടക്കം നിരവധിപേര്‍ക്ക് കടിയേറ്റു
വടകര: ഒഞ്ചിയത്ത് വീണ്ടും തെരുവുനായയുടെയും ഭ്രാന്തന്‍ കുറുക്കന്റെയും ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്നലെ രാവിലെയാണ് വെള്ളികുളങ്ങര ഒഞ്ചിയം റോഡില്‍ തയ്യില്‍ ക്ഷേത്രത്തിനു സമീപം നാലുവയസുകാരി കളരിയില്‍ അമീര്‍ കോട്ടേജില്‍ മജീദിന്റെ മകള്‍ മന്‍ഹക്ക് നായയുടെ കടിയേറ്റത്. ഉമ്മയോടൊപ്പം പാല്‍ വാങ്ങാന്‍ പോകവെ നായ ആക്രമിക്കുകയായിരുന്നു.
ഇരുവരും നിലത്തുവീണപ്പോള്‍ മന്‍ഹയുടെ വലതു കൈയില്‍ കടിയേല്‍ക്കുകയും ചെയ് തു. ഉടന്‍ സമീപത്തുണ്ടായിരുന്ന ആളുകളെത്തി നായയെ അടിച്ചുകൊന്നു. ഉമ്മ സൗദ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മന്‍ഹ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
കഴിഞ്ഞദിവസം രാത്രി വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വെള്ളികുളങ്ങര ക്രാഷ് റോഡില്‍ വലിയപറമ്പത്ത് സരിത്തിന് (27) നായയുടെ കടിയേറ്റു. ഇയാള്‍ എ.ആര്‍ ക്യാംപിലെ പൊലിസുകാരനാണ്. ഇതിനുശേഷം പരിസരത്തെ റോഡില്‍ വച്ച് റവല്യൂഷണറി യൂത്ത് നേതാവ് ടി.കെ സിബിക്കും നായയുടെ കടിയേറ്റു. ഇരുവരും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെയാണ് ഒഞ്ചിയം എം.ആര്‍ സ്മാരകത്തിനു സമീപത്തെ കുറ്റിയില്‍മീത്തല്‍ പ്രകാശന്റെ ഭാര്യ ജ്യോതിക്ക് (33) കുറുക്കന്റെ കടിയേറ്റത്. വീട്ടിലേക്ക് പാഞ്ഞുകയറി ഭ്രാന്തന്‍ കുറുക്കന്‍ കടിക്കുകയായിരുന്നു.
ജ്യോതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തേടിപ്പിടിച്ച് കുറുക്കനെ അടിച്ചുകൊന്നു. കൊല്ലുന്നതിനിടയില്‍ ഒഞ്ചിയം ബാങ്കിനു സമീപത്തെ വരുണിനും (23) പരുക്കേറ്റിട്ടുണ്ട്. ഇവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വെള്ളികുളങ്ങര ഒഞ്ചിയം പ്രദേശങ്ങളില്‍ തെരുവുനായയുടെയും കുറുക്കന്റെ ആക്രമണം നിത്യസംഭവമായിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ പത്തോളം പേര്‍ക്കാണ് കടിയേറ്റത്. പലസ്ഥലത്തും കടിച്ച കുറുക്കനെയും നായയെയും കൊല്ലുന്നുണ്ടെങ്കിലും ആക്രമണത്തിന് കുറവുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."