ആര്.എം.പി.ഐ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കോഴിക്കോട്: ആര്.എം.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മോദി മോഡല്‍ കേരളത്തില്‍ വേണ്ട, പിണറായിയുടെ സ്വേച്ഛാധികാരവാഴ്ചയെ ചെറുക്കുക, അന്യായമായ കുടിയൊഴിപ്പിക്കലും ദേശീയപാത സ്വകാര്യ വല്ക്കരണവും അവസാനിപ്പിക്കുക, വിലക്കയറ്റവും കാര്‍ഷിക വിലത്തകര്‍ച്ചയും തടയുക, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, അറിയാനുള്ള അവകാശവും മാധ്യമ സ്വാതന്ത്ര്യവും തടയുന്നത് ചെറുക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ഉദ്ഘാടനം ചെയ്തു. ഗുണ്ടാ രാഷ്ട്രീയ നേതാവിനെ പോലെയാണ് പിണറായി പെരുമാറുന്നത്. ഇ.എം.എസിനെ പോലെയുള്ള മഹാന്മാരിരുന്ന കസേരയില്‍ ഇരിക്കാന്‍ പിണറായിക്കു കഴിയില്ല. എല്ലാ ഏകാധിപതികളെയും നിലയ്ക്കു നിര്‍ത്തിയ പാരമ്പര്യമുള്ള നാടാണ് കേരളമെന്നും വേണു പറഞ്ഞു. രോഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. കൊലപാതകികളുടെ ഏജന്‍സിയായി സര്‍ക്കാര്‍ മാറി. രാഷ്ട്രീയ കൊലപാതകള്‍ സി.പി.എം നേതാക്കളുടെ അറിവോടെയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.കെ രമ, കെ.എസ് ഹരിഹരന്, അഡ്വ. പി. കുമാരന്‍കുട്ടി, എ. ശേഖര്‍, കെ.കെ കുഞ്ഞിക്കണാരന്‍, കെ.പി പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."