മലാപ്പറമ്പ് യു.പി സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് ലഭിച്ചുതുടങ്ങി
കോഴിക്കോട്: വിവിധ കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവച്ച മലാപ്പറമ്പ് യു.പി സ്‌കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ ഗ്രാന്റുകള്‍ ലഭിച്ചുതുടങ്ങി. ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം സുപ്രഭാതം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരംഭിച്ചത്. ഐ.ഇ.ഡി, ഓട്ടിസം, എം.ആര്‍, സെറിബല്‍ പള്‍സി വിഭാഗത്തിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ഷത്തില്‍ അനുവദിക്കുന്ന 1,350 രൂപ ഗ്രാന്റാണ് ഇപ്പോള്‍ ലഭിച്ചത്.
സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മൂന്നു വിദ്യാര്‍ഥികളുടെയും ഏഴാം ക്ലാസ് പൂര്‍ത്തീകരിച്ച മൂന്നു വിദ്യാര്‍ഥികളുടെയും ഗ്രാന്റാണ് എ.ഇ.ഒ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ആരോപണമുയര്‍ന്നത്. ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് വഴി ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഫണ്ട് വിദ്യാര്‍ഥികളുടെ ജോയിന്റ് അക്കൗണ്ടില്‍ എത്തുകയാണ് പതിവ്. എന്നാല്‍ ഗ്രാന്റിനുള്ള ഫണ്ട് ബാങ്കിലെത്തിയിട്ടും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികളില്‍ വീഴ്ചവരുത്തിയതാണ് തടസമായത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഭിന്നശേഷിയുള്ള വിഭാഗക്കാരെ കണ്ടെത്തുന്നതിന് വര്‍ഷത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചാണ് ഗ്രാന്റിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. എട്ടുവര്‍ഷത്തോളമായി നല്‍കിവരുന്ന ആനുകൂല്യം ഇതാദ്യമായാണ് മുടങ്ങിയത്. അധ്യായന വര്‍ഷാരംഭമായ ജൂണ്‍ ,ജൂലൈ മാസത്തില്‍ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ നല്‍കുകയും മാര്‍ച്ച് മാസത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ തുക എത്തിയതിനുശേഷം അധ്യാപര്‍ വഴി വിദ്യാര്‍ഥികളില്‍ എത്തിക്കുകയാണ് ചെയ്യാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."