ഒലിപ്പുഴ പാലത്തില്‍ അപകടം പതിയിരിക്കുന്നു
മേലാറ്റൂര്‍: നിലമ്പൂര്‍ പെരുമ്പിലാവു മലയോര ഹൈവേയില്‍ സ്ഥിതിചെയ്യുന്ന ഒലിപ്പുഴ പാലത്തില്‍ അപകടം പതിയിരിക്കുന്നു. പാലക്കാട്ടേക്കുള്ള എളുപ്പവഴി ആയതിനാല്‍ ചരക്കു ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണു നിത്യവും ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്.
പലപ്പോഴായി നിരവധി ചെറിയ അപകടങ്ങള്‍ ഈ പാലത്തില്‍ നടന്നിട്ടുണ്ട്. എന്തോ ഭാഗ്യത്തിനു പാലത്തിന്റെ കൈവരിയിലിടിച്ചും മറ്റും വന്‍ദുരന്തം ഒഴിവാക്കലാണു പതിവ്. മാസങ്ങള്‍ക്കു മുമ്പു ചരക്കു ലോറി പാലത്തിന്റെ കിഴക്കുഭാഗത്തെ കൈവരി ഇടിച്ചു തകര്‍ത്തിരുന്നു.
ഇപ്പോള്‍ ഈ ഭാഗത്തെ ഇരുമ്പു കൈവരിക്കു പകരം നാട്ടുകാര്‍ മരക്കൊമ്പുകള്‍ കെട്ടി വെച്ചിരിക്കുകയാണ്. വീതി വളരെ കുറവായതിനാല്‍ പാലത്തിലൂടെ രണ്ടു വാഹനങ്ങള്‍ക്കു ഒരേസമയം കടന്നു പോകുന്നതു പ്രയാസകരമാണ്. കാല്‍നട യാത്രക്കാരുടെ കാര്യം പറയേണ്ടതുമില്ല. ഏതു നിമിഷവും പിന്നില്‍ വരുന്ന വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ സാധ്യതയേറെയാണ്.
ഇവിടെ പുതിയ പാലത്തിനായി സര്‍വേകള്‍ നടന്നിട്ടുണ്ടത്രേ. എന്നാല്‍ പുതിയ പാലം വരാന്‍ സമയമെടുക്കും. അതിനു മുമ്പു നിലവിലുള്ള പാലത്തിന്റെ കൈവരികള്‍ ഭദ്രമാക്കുകയും മുന്നറിയിപ്പു ബോഡുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ അപകട സാധ്യത കുറയ്ക്കാന്‍ ഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."