ടോം ജോസ് അടക്കം പത്ത് പേരെ പ്രതികളാക്കി എഫ്.ഐ.ആര്‍
തിരുവനന്തപുരം: കൊല്ലം ചവറയിലെ കെ.എം.എം.എല്‍ കമ്പനിയിലേക്ക് മഗ്‌നീഷ്യം ഇറക്കുമതി ചെയ്ത സംഭവത്തില്‍ അഡീ. ചീഫ് സെക്രട്ടറിയും തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടോം ജോസ് അടക്കം പത്തുപേരെ പ്രതികളാക്കി വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ടോം ജോസിനെ കൂടാതെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സുനില്‍ ചാക്കോ, എസ് സുരേഷ് കുമാര്‍, ഫിനാന്‍സ് വിഭാഗം തലവനായ ശശിധരന്‍, ഐ.എന്‍.ടി.യു.സി നേതാവ് ജി ശശികുമാര്‍ അടക്കം പത്ത് പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. 2012 ഡിസംബറിലാണ് കേസിനാധാരമായ സംഭവം നടന്നത്. കൊല്‍ക്കത്ത ആസ്ഥാനമായ കോത്താരി മെറ്റല്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത് വഴി ഒരു കോടി 62 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായിട്ടാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സര്‍വിസ് ടാക്‌സ് ഇനത്തിലും കെ.എം.എം.എല്‍ കമ്പനിയിലേക്ക് മാന്‍പവര്‍ സപ്ലെ ചെയ്ത സംഭവത്തിലും ക്രമക്കേട് നടന്നതായും എഫ്.ഐ.ആറില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ അന്‍പത് ഏക്കര്‍ ഭൂമി വാങ്ങിയ സംഭവത്തില്‍ ടോം ജോസിനെതിരേ മറ്റൊരു വിജിലന്‍സ് അന്വേഷണവും നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."