ഗുജറാത്തിലെ കൂട്ടക്കൊലകള്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ: സാകിയ ജാഫ്രി
കോഴിക്കോട്: ഗുജറാത്തിലെ കൂട്ടക്കൊലകള്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് നടക്കുന്നതെന്ന് ഗുജറാത്ത് വംശഹത്യക്കിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി പറഞ്ഞു.
നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ വലിയ പ്രതിഷേധം നടക്കുന്നതില്‍ അഭിമാനമുണ്ട്. വികസനത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സമ്മേളനം പോപ്പുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.സി ജോര്‍ജ് എം.എല്‍.എ, പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ. സഈദ്, പോപ്പുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ, കെ.എച്ച് നാസര്‍, ബി.നൗഷാദ്, പി. അബ്ദുല്‍മജീദ് ഫൈസി, എ. വാസു, രൂപേഷ്‌കുമാര്‍, എ.എസ് സൈനബ, സി.എ റഊഫ് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വളണ്ടിയര്‍ മാര്‍ച്ചും റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."