എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിയാദ്- കരിപ്പൂര്‍ വിമാന സര്‍വിസ് ഡിസംബര്‍ രണ്ടുമുതല്‍
ജിദ്ദ: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിയാദ്- കരിപ്പൂര്‍ വിമാന സര്‍വിസ് ഡിസംബര്‍ രണ്ടിന് തുടങ്ങും. എയര്‍ ഇന്ത്യ എക്സ്പ്രസിന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചതായി സ്റ്റേഷന് മാനേജര്‍ കുന്ദന്‍ലാല്‍ ഗൊത്വല് അറിയിച്ചു. ഈ മാസം 16 മുതല്‍ സര്‍വിസിന് അനുമതി നല്‍കണമെന്നാണ് എയര്‍ ഇന്ത്യ സഊദി ഏവിയേഷന്‍ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ചില സാങ്കേതികകാരണങ്ങളാല്‍ ഇത് നീണ്ടുപോകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വിസ് നടത്തുക. ഉച്ചയ്ക്ക് 1.15ന് വിമാനം റിയാദില്‍ നിന്ന് പുറപ്പെടും. നേരത്തേ സര്‍വിസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിടുകയും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് റിയാദില്‍ നിന്ന് നേരിട്ടുള്ള സര്‍വിസ് നിര്‍ത്തിയത്. മലബാറില്‍ നിന്നുള്ള യാത്രക്കാരെ ഇത് ഏറെ വലച്ചിരുന്നു. തുടര്‍ന്ന് പ്രവാസി സംഘടനകളും വിവിധ രാഷ്ട്രീയപാര്‍ട്ടികളും നിവേദനങ്ങള്‍ നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."