പൊലിസ് ആസ്ഥാനത്ത് ഇനിമുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍
തിരവനന്തപുരം: ശുചിത്വപൂര്‍ണമായ അന്തരീക്ഷം ഒരുക്കുന്നതിനും ഫലപ്രദമായ മാലിന്യസംസ്‌കരണത്തിനും മാതൃകയാവാന്‍ കേരള പൊലിസ് ആസ്ഥാനം തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ആസ്ഥാനത്തു ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ശുചിത്വമിഷനുമായി സഹകരിച്ചാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്.
ദിനംപ്രതിയുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉള്ളവ പുനരുപയോഗിക്കുക, മറ്റു ഉല്‍പന്നങ്ങളാക്കി മാറ്റുക, മാലിന്യം തരംതിരിച്ചു സംസ്‌കരിക്കുക എന്നിവ നടപ്പാക്കാനാണു തീരുമാനം. ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, ആഹാര സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകള്‍ എന്നിവയ്ക്കു പകരം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ തിരഞ്ഞെടുക്കണമെന്നാണ് പൊലിസ് മേധാവി നിര്‍ദേശം നല്‍കിയത്.
പൊലിസ് ആസ്ഥാനത്തെ ജീവനക്കാര്‍ ഉച്ചഭക്ഷണവും മറ്റും ടിഫിന്‍ ബോക്‌സുകള്‍ പോലെ വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന വേസ്റ്റ് ബിന്‍ യഥാസമയം പൊലിസ് ആസ്ഥാനത്തെ ബയോഗ്യാസ് പ്ലാന്റിലേക്ക് മാറ്റും. പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും പൂര്‍ണമായും ഒഴിവാക്കാനാണു തീരുമാനം. പ്ലാസ്റ്റിക് കുപ്പിവെള്ളവും പരമാവധി ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കള്‍ക്കു പകരം തുണി, പേപ്പര്‍ മുതലായവയും രഹസ്യസ്വഭാവമുള്ള പേപ്പറുകള്‍ ഉപയോഗശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ഷെഡര്‍ മെഷീനും ഉപയോഗിക്കും. മറ്റു പേപ്പര്‍, ഇലക്‌ട്രോണിക്, പ്ലാസ്റ്റിക് വേസ്റ്റുകള്‍ തരംതിരിച്ച് സൂക്ഷിച്ചശേഷം അവ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഏജന്‍സിയെ ഏല്‍പ്പിക്കും.
മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നതുമൂലമുള്ള തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാനും പുതിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നു മുതല്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ തുടര്‍ച്ചയായ ബോധവല്‍ക്കരണവും മോണിട്ടറിങ്ങും വഴി പൂര്‍ണ വിജയത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."