അടിതെറ്റി കിവികള്‍
കൊല്‍ക്കത്ത: പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തുകള്‍ തീതുപ്പിയപ്പോള്‍ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര്ക്ക് മറുപടിയില്ലാതെ പോയതോടെ രണ്ടണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ കിവികള്‍ ഏഴു വിക്കറ്റുകള്‍ വീണ് 128 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. 12 റണ്‍സെടുത്ത വാട്ലിങ്ങും അഞ്ചു റണ്‍സെടുത്ത ജീതന്‍ പട്ടേലുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 316 റണ്‍സില്‍ അവസാനിപ്പിച്ച ന്യൂസിലന്‍ഡിനു മൂന്നു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ 188 റണ്‍സ് കൂടി വേണം.
ഒന്നാമിന്നിങ്സ് ബാറ്റിങിനിറങ്ങിയ കിവീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപണര്‍മാരായ ഗുപ്റ്റിലും (13) ലാതവും (ഒന്ന്) മൂന്നാമനായെത്തിയ നിക്കോള്‍സും പരാജയമായി (ഒന്ന്). 23 റണ്‍സെടുക്കുന്നതിനിടെയാണ് മൂന്നു പേരും പവലിയനിലെത്തിയത്. ഒരാളെ മുഹമ്മദ് ഷമിയും രണ്ടണ്ടു പേരെ ഭുവനേശ്വര്‍ കുമാറും മടക്കി. എന്നാല്‍ നാലാം വിക്കറ്റിലൊത്തു ചേര്‍ന്ന നായകന് റോസ് ടെയ്ലറും(36) ലൂക് റോഞ്ചിയും (35) ഇന്ത്യന്‍ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചു. ഇവരുടെ പ്രതിരോധമാണ് സന്ദര്‍ശകരുടെ സ്കോര്‍ നൂറു കടത്തിയത്.
ടെയ്ലറെ ഭുവനേശ്വറും റോഞ്ചിയെ ജഡേജയും മടക്കിയതോടെ പിന്നാലെ വന്നവരും അധികം നില്‍ക്കാതെ മടങ്ങി. മിച്ചല്‍ സാന്റ്നര്‍ (11), മാറ്റ് ഹെന്‍ട്രി (പൂജ്യം) എന്നിവരേയും ഭുവനേശ്വര്‍ പുറത്താക്കി. പത്തോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ(54) ബാറ്റിങാണ് ഇന്ത്യന്‍ സ്കോര്‍ മുന്നൂറു കടത്തിയത്. രവീന്ദ്ര ജഡേജ, (14), ഭുവനേശ്വര്‍ കുമാര്‍(അഞ്ച്), മുഹമ്മദ് ഷമി(14) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."