ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ മുന്തിയ പരിഗണന നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ ജില്ലയില്‍ മുന്തിയ പരിഗണന നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. കലക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുമായി ജില്ലയിലെ വിവിധ ആവശ്യങ്ങളും നിലവിലെ അവസ്ഥയും അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പലര്‍ക്കും ഇനിയും ഭൂമി കിട്ടാനുണ്ട്. കിട്ടിയ ഭൂമിതന്നെ വാസയോഗ്യമല്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ശരിയായ ധാരണയോടെയല്ല അത് നടപ്പാക്കിയത്. ഇക്കാര്യത്തില്‍ അടിയന്തിര പരിഹാര നടപടി സ്വീകരിക്കും. വിതരണം ചെയ്യാനുള്ള ഭൂമിയുടെ ലഭ്യത പ്രധാന പ്രശ്‌നമാണ്. മിച്ചഭൂമി പൂര്‍ണ്ണമായി ഏറ്റെടുക്കണം. ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ ഭൂമി ഏറ്റെടുക്കാന്‍ പുതിയ നിയമം നിര്‍മിക്കണമെന്നാണ് സ്‌പെഷ്യല്‍ ഓഫിസര്‍ ശുപാര്‍ശ ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഓഫീസര്‍ നോട്ടീസയച്ച ചിലര്‍ കോടതിയില്‍ പോയി ഉത്തരവുകള്‍ സമ്പാദിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ഈ കേസുകളുടെ കാര്യവും പരിഗണനയിലെടുക്കേണ്ടതുണ്ട്. ഏതായാലും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയില്‍ ഒരു വിദേശ കമ്പനിക്ക് ഭൂമിക്ക് അര്‍ഹതയില്ല എന്ന അടിസ്ഥാന നിലപാടിലാണ് സര്‍ക്കരുള്ളത് എന്ന് മന്ത്രി പറഞ്ഞു.
ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതിയിലുയര്‍ന്ന ആരോപണം പരിശോധിക്കും. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്‌തെങ്കില്‍ നടപടി സ്വീകരിക്കും. ജനപക്ഷത്തുള്ളതും മനുഷ്യമുഖങ്ങളുമുള്ള നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും സര്‍ക്കാരിനാവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി.എസ്.തിരുമേനി, സബ്കലക്ടര്‍ ശീറാം സാബശിവറാവു, എ.ഡി.എം. കെ.എം.രാജു, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."