ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പൂട്ടിയിട്ട് ഡി.വൈ.എഫ്.ഐ സമരം
മാനന്തവാടി: വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ പതിനൊന്നോളം ജീവനക്കാരെ മൂന്ന് മുറികളില്‍ പുട്ടിയിട്ട് കൊണ്ട് ആരോഗ്യ വകുപ്പിനെതിരേ ഡി.വൈ.എഫ്.ഐക്കാരുടെ സമരം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വര്‍ധിപ്പിച്ച ഒ.പി ടിക്കറ്റ് പിന്‍വലിക്കണമെന്നും കിടത്തി ചികിത്സ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുന്നറിയിപ്പില്ലാതെ ഇന്നലെ ഉച്ചയോടെ സമരം ആരംഭിച്ചത്. സമരമാരംഭിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയാണ് മുറികളില്‍ അടച്ചിട്ടത്. പിന്നീട് വൈകിട്ട് അഞ്ചോടെയാണ് സമരക്കാര്‍ക്കെതിരേ കേസെടുക്കില്ലെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ വച്ച് സമരം അവസാനിപ്പിച്ച് ജീവനക്കാരെ പുറത്തിറക്കിയത്. പൊലിസുകാരുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പുറത്ത് പോകാനുവദിക്കാതെ സമരം നടത്തിയത്.
ആരോഗ്യകേന്ദ്രം എച്ച്.എം.സിയാണ് യോഗം ചേര്‍ന്ന് ഒ.പി ടിക്കറ്റ് ചാര്‍ജ് രണ്ടില്‍ നിന്നും അഞ്ച് രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. പതിനഞ്ച് ദിവസം മുമ്പ് തന്നെ ഒക്ടോബര്‍ ഒന്ന് മുതല്‍ വര്‍ധനവ് നടപ്പില്‍ വരുത്തുന്ന കാര്യം നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരുന്നു. ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കിടത്തി ചികിത്സ മുടങ്ങിയിരിക്കുകയുമായിരുന്നു. ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ജോലി ചെയ്യുന്ന ഡോക്ടറെയും ജീവനക്കാരെയും പൂട്ടിയിട്ട് സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് ഉറപ്പ് നല്‍കിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒ.പി ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കുന്നത് സംബന്ധിച്ച് അടിയന്തിര എച്ച്.എം.സി യോഗം തിങ്കളാഴ്ച ചേരാമെന്ന ഉറപ്പായിരുന്നു സമരക്കാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ നല്‍കിയത്.
എന്നാല്‍ ആരോഗ്യ വകുപ്പധികൃതര്‍ സ്ഥലത്തെത്തി രേഖാമൂലം ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം വൈകുന്നേരം വരെ നീണ്ടത്. ഇതനുസരിച്ച് സ്ഥലത്തെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ സന്തോഷ്, സീനിയര്‍ സൂപ്രണ്ട് വിജിജന്‍, സജയകുമാര്‍, ടി.കെ അബ്ദുള്‍ഗഫൂര്‍ എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നവംബര്‍ ഒന്ന് മുതല്‍ പൂര്‍ണ രീതിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്നും ഒ.പി ടിക്കറ്റ് ചാര്‍ജ്ജ് കുറക്കാന്‍ എച്ച്.എം.സിയോട് ആവശ്യപ്പെടുമെന്നും സമരം സംബന്ധിച്ച് കേസെടുക്കില്ലെന്നും രേഖാമുലം ഉറപ്പ് നല്‍കി. ഇതോടെയാണ് സമരം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."