ജില്ലയില്‍ എട്ട് തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന തെരുവുനായ വന്ധ്യംകരണ പദ്ധതിക്കായി ജില്ലയില്‍ എട്ടു കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. വടകര, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, മാങ്കാവ്, പുതുപ്പാടി, കുന്നുമ്മല്‍, കുന്ദമംഗലം എന്നിവിടങ്ങളിലാണു വന്ധ്യംകരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ചെലവൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ സംഘടിപ്പിച്ച 'പേവിഷബാധയും നിയന്ത്രണ മാര്‍ഗങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബു പറശ്ശേരി.
സംസ്ഥാനത്തെ 70 ശതമാനം തെരുവുനായ്ക്കളും ഉടമകള്‍ തെരുവില്‍ ഉപേക്ഷിച്ചവയും അവയുടെ തലമുറകളുമാണെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ പ്രതിനിധി സാലി കണ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു വലിയ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ തെരുവുനായ ശല്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, പഞ്ചായത്ത് അഡിഷനല്‍ ഡയരക്ടര്‍ സി.കെ വിജയകുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡി.ഡി ഡോ. എ.സി മോഹന്‍ദാസ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. യു.എസ് രാമചന്ദ്രന്‍, അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ട് ജില്ലാ കോഡിനേറ്റര്‍ ഡോ. നീനാകുമാര്‍ കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."