നഗരസഭയുടെ പുതിയ പദ്ധതികള്‍ക്ക് അടുത്തമാസം തുടക്കമാവും
മഞ്ചേരി: ജില്ലാ പ്ലാനിങ് സമിതി അംഗീകാരം നല്കിയ മഞ്ചേരി നഗരസഭയുടെ അടുത്ത വര്‍ഷത്തേക്കുള്ള 20കോടി 38ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്കു അടുത്തമാസത്തോടെ തുടക്കമാവുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ, വൈസ് ചെയര്മാന് വി.പി ഫിറോസ് എന്നിവര്‍ അറിയിച്ചു. ഉല്പാദന മേഖല കാര്യക്ഷമമാക്കുക, മാലിന്യനിര്‍മാര്‍ജനം, തെരുവുനായകളുടെ വന്ധ്യംകരണം, പകല്‍ വീട് നിര്‍മാണം എന്നിവയാണ് പദ്ധതിയിലെ പ്രധാന ഇനങ്ങള്‍. തെരുവു നായകളെ പ്രത്യേക കേന്ദ്രത്തിലെത്തിച്ചു വന്ധീകരിക്കാനാണ് തീരുമാനം. മഞ്ചേരി നഗരസഭയില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ട നടപടികള്‍ കൈകൊള്ളും. ഇതിനായി 1.20കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പദ്ധതി യാതാര്ഥ്യമാവുന്നതോടെ വേട്ടേകാട് മാലിന്യ സംസ്കരണ കേന്ദ്രം സജീവമാവും. ഈ പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പുമൂലമായിരുന്നു മാലിന്യ സംസ്കരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നത്.
കൂടാതെ പകല്‍വീട് നിര്‍മാണത്തിനു 30ലക്ഷം, ഭിന്ന ശേഷിയുള്ള കുട്ടികളുടെ വിവിധ സ്കീമുകള്‍ക്കായി 29ലക്ഷം, പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5കോടി അങ്കണവാടി, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1.57കോടി രൂപ തുടങ്ങിയവയാണ് മറ്റു പദ്ധതികള്‍. അടുത്ത മാര്‍ച്ചോടെ പദ്ധതികള്‍ പൂര്‍ണമായും യാഥാര്‍ഥ്യമാക്കാനാണ് നഗരസഭയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."