വര്‍ക്ക് അറേഞ്ചുമെന്റില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരണം: ജില്ലാ വികസന സമിതി
ചീമേനിയിലെ 400 ഏക്കര്‍ നാവിക അക്കാദമിക്കു വിട്ടുകൊടുക്കാനുള്ള
നീക്കം പുനഃപരിശോധിക്കണമെന്ന് എം.എല്‍.എ
കാസര്‍കോട്: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെയും തീരദേശ പൊലിസിന്റെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ ആസൂത്രണ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എഡി.എം കെ അംബുജാക്ഷന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ആവശ്യം ഉന്നയിച്ചത്. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ പ്രമേയം അവതരിപ്പിച്ചു. കെ കുഞ്ഞിരാമന്‍ എം.എല്‍.എ പിന്തുണച്ചു.
ജില്ലയിലെ വിവിധ ഓഫിസുകളിലെ 25 ഉദ്യോഗസ്ഥര്‍ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ മറ്റു സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ്. എക്‌സൈസ്-2, കൃഷി വകുപ്പ്-1, മൃഗസംരക്ഷണം -1, വാണിജ്യ നികുതി-16, പഞ്ചായത്ത്-1, റവന്യൂ-2, സാമൂഹികനീതി-2 എന്നിങ്ങനെയാണ് ഉദ്യോഗസ്ഥര്‍ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ പോയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച പ്രഭാകരന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്കു വിരുദ്ധമായാണ് ഈ നടപടി. വര്‍ക്ക് അറേഞ്ച്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ തിരികെ കൊണ്ടു വരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. ഇക്കാര്യം ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യാനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ 11 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും 17 അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെയും നിരവധി ജില്ലാ ഓഫിസര്‍മാരുടെയും ഒഴിവുകളുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ലോകബാങ്ക് ധനസഹായം പോലും നഷ്ടപ്പെടുകയാണെന്നു ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചീമേനിയില്‍ നാവിക അക്കാദമിയ്ക്ക് 400 ഏക്കര്‍ ഭൂമി പതിച്ചു നല്‍കാനുളള നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാറ്റ്പാക്ക് സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് അവശേഷിക്കുന്ന നാലു കിലോമീറ്ററില്‍ ഉടന്‍ സര്‍വേ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെമ്മരങ്കയം തൂക്കുപാലത്തിന്റെ അറ്റകുറ്റപണി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ വേഗത്തിലാക്കണം. നീലേശ്വരം നഗരത്തിലെ കോണ്‍വെന്റ് ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെയുളള റോഡിന്റെ അറ്റകുറ്റപണിക്ക് 14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്തത് ഉടന്‍ പരിശോധിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
അഡൂരിലേക്ക് അത്തനടി പാലം വഴിയും സുളള്യയിലേക്കു ബന്തടുക്ക വഴിയും കെ.എസ്.ആര്‍.ടി സി ബസ് റൂട്ട് ആരംഭിക്കണമെന്നും കെ കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."