വടക്കിന്റെ ജലരാജാവിനെ ഇന്നറിയാം ഉത്തരമലബാര്‍ ജലോത്സവത്തിനു തേജസ്വിനി ഒരുങ്ങി
കാര്യങ്കോട്: തേജസ്വിനിയുടെ ഇരുകരകളിലും ഒഴുകിയെത്തുന്ന ആയിരങ്ങളെ സാക്ഷിയാക്കിയുള്ള ഉത്തരമലബാര്‍ ജലോത്സവത്തിനു തേജസ്വിനി ഒരുങ്ങി. നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഏടത്വ ബോട്ട് ക്ലബിനായി ഒരുമിച്ചു തുഴഞ്ഞു രണ്ടാം സ്ഥാനം നേടിയെടുത്ത തുഴച്ചിലുകാര്‍ പല ടീമുകള്‍ക്കായി തുഴയെറിയുമ്പോള്‍ ആവേശത്തിരയിളകുന്ന അനുഭവമാകും. ന്യൂ ബ്രദേഴ്‌സ് മയ്യിച്ച, എ.കെ.ജി മയ്യിച്ച, വയല്‍ക്കര മയ്യിച്ച, എ.കെ.ജി പൊടോത്തുരുത്തി, കൃഷ്ണപിള്ള കാവുംചിറ, അഴീക്കോടന്‍ അച്ചാംതുരുത്തി, ഇ.എം.എസ് മുഴക്കീല്‍, ഡി.വൈ.എഫ്.ഐ കാര്യങ്കോട് എന്നീ ടീമുകളാണ് ജലരാജ പട്ടത്തിനായി തുഴയെറിയുക. ഇന്നലെ രാത്രിവരെ തേജസ്വിനിയിലും കൈവഴികളിലുമായി അവസാനവട്ട പരിശീലനത്തിലായിരുന്നു ടീമുകള്‍. ഈ സീസണില്‍ അഞ്ചു ജലോത്സവങ്ങള്‍ നടന്നു കഴിഞ്ഞു. ഇവിടങ്ങളില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടമായവര്‍ക്കു കണക്കുതീര്‍ക്കലിന്റെ വേദി കൂടിയാണ് ഈ ജലോത്സവം.
25, 15 പേര്‍ തുഴയും വിഭാഗങ്ങളിലാണു മത്സരം. വനിതകളുടെ തുഴച്ചില്‍ മത്സരം, ജലഘോഷയാത്ര എന്നിവയും നടക്കും. ഉച്ചയ്ക്ക് രണ്ടിനു മന്ത്രി ഇ ചന്ദ്രശേഖരന്‍ മത്സരം ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടനു വേണ്ടി തുഴഞ്ഞ ക്ലബുകളെ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ ആദരിക്കും. ജല ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയും വള്ളംകളി മത്സരം ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസും ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ജീവന്‍ബാബു സമ്മാനം വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."