വായനയുടെ വിജ്ഞാനലോകവുമായി പാലക്കാട് ജില്ലാ ലൈബ്രറി
പാലക്കാട്: പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നഗരത്തിന്റെ തിരക്കുകളും, ശല്യവുമൊന്നുമില്ലാതെ നഗരമധ്യത്തില്‍ നിന്ന് അധിക ദൂരത്തല്ലാതെ ഒരു ലൈബ്രറി. കയറിച്ചെല്ലുന്ന വഴിയില്‍ കാണുന്ന സ്‌ക്രീനില്‍ വിരലമര്‍ത്തിയാല്‍ നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകത്തെയോ നിങ്ങളന്വേഷിക്കുന്ന എഴുത്തുകാരനെയോ സംബന്ധിച്ച വിവരങ്ങളും പുസ്തകത്തിന്റെ ഷെല്‍ഫിരിക്കുന്ന സ്ഥലവും കൃത്യമായി ലഭിക്കും. റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം എപ്പോഴും തുറന്നിട്ടിരിക്കുന്നു.
എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും അടുക്കിവെച്ച റാക്കുകള്‍ക്കരികില്‍ ധാരാളം കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ വായനാസ്ഥലം. പ്രമുഖ എഴുത്തുകാര്‍ക്കും ചിന്തകന്മാര്‍ക്കുമായി പ്രത്യേകം കോര്‍ണറുകള്‍. ആര്‍ക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകള്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളും സംഗീതവും സിനിമകളും പുസ്തകങ്ങളും അടങ്ങിയ സി.ഡി.കളുടെയും ഡി.വി.ഡികളുടെയും മറ്റും പുതുക്കിക്കൊണ്ടേയിരിക്കുന്ന ശേഖരം എളുപ്പത്തില്‍ തിരഞ്ഞെടുക്കാം. ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. പ്രിന്റ് എടുക്കുന്നതിനും കോപ്പികള്‍ എടുക്കുന്നതിനും ഉള്ള സൗകര്യം.
എന്‍.എന്‍.കൃഷ്ണദാസ് പാലക്കാടിന്റെ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യമായി കണ്ട സ്വപ്നങ്ങളുടെ കൂട്ടത്തില്‍ വിഭാവനം ചെയ്യപ്പെട്ട് അദ്ദേഹത്തിന്റെ സ്ഥിരോത്സാഹംകൊണ്ടും ഒന്നേകാല്‍ കോടിയോളം ഫണ്ടുകൊണ്ടും അതിനു ലഭിച്ച പിന്തുണകള്‍കൊണ്ടും പൂര്‍ത്തിയാക്കപ്പെട്ടതാണ് പാലക്കാട് ജില്ലാ ലൈബ്രറി.
മുകള്‍ നിലയിലുള്ള ആധുനികസൗകര്യങ്ങളോടെയുള്ള മറിയുമ്മ സ്മാരകഹാളില്‍ മിക്ക വൈകുന്നേരങ്ങളിലും പരിപാടികള്‍ നടക്കുന്നു. ചിലപ്പോള്‍ രാവിലെതൊട്ടു സാഹിത്യചര്‍ച്ചയോ പുസ്തകപ്രകാശനമോ ഒക്കെയായിരിക്കും അവിടെ നിങ്ങളെ ഏതിരേല്‍ക്കുന്നത്. മുകള്‍നിലയിലെ റഫറന്‍സ് സെക്ഷനുകള്‍ക്കിടയിലെ വിസ്തൃതമായ സ്ഥലത്ത് ചിലപ്പോള്‍ പാലക്കാട്ടെ ചിത്രകാരന്മാര്‍ അവരുടെ ക്യാന്‍വാസുകളില്‍ മുഴുകിയിരിക്കുന്നതു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."