ബി.ജി വിഷ്ണുവിന്റെ സ്ഥാനാര്‍ഥിത്വം; എല്‍.ഡി.എഫ് അണികള്‍ അങ്കപ്പുറപ്പാടില്‍
കയ്പമംഗലം: ഒക്‌ടോബര്‍ 21 ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബി.ജി വിഷ്ണുവിനെതിരേ എല്‍.ഡി.എഫ് അണികളുടെ അങ്കപ്പുറപ്പാട്.
അടുത്ത കാലത്തായി വിഷ്ണു നവമാധ്യമങ്ങളിലൂടെ സ്വീകരിച്ച ചില നിലപാടുകളാണ് ഇപ്പോള്‍ വിനയായത്. എല്‍.ഡി.എഫിലെ പ്രബല പാര്‍ട്ടിയായ സി.പി.എമ്മിന്റെ യുവജന വിഭാഗത്തിന്റേയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേയും പേരിലാണ് പ്രചരണം കൊഴുക്കുന്നത്.
വിഷ്ണുവിനെതിരേ പ്രചരണം നടത്തുന്നവര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായി റബിയത്തിനെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റബിയത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നേരും നെറിയുമില്ലാത്തവന് വോട്ടുചെയ്യാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. അതുകൊണ്ട് സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐക്കാരും എസ്.എഫ്.ഐക്കാരും ഫാസിസ്റ്റുകളാണെന്ന് പറഞ്ഞവന് വോട്ടു ചെയ്യണ്ടി വരുന്ന ആത്മാര്‍ഥതയുള്ള, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ ഗതികേടില്‍ പ്രതിഷേധിച്ചു കൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റബിയത്തിന് അഭിവാദ്യങ്ങള്‍ എന്നു തുടങ്ങുന്ന പോസ്റ്റില്‍ റബിയത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
വിഷ്ണുവിന്റെ സ്ഥാനാര്‍ഥിത്വവുമായി സി.പി.ഐയിലുണ്ടായ പടലപ്പിണക്കം പറഞ്ഞ് തീര്‍ക്കാന്‍ നടക്കുന്ന നേതൃത്വത്തിന് ഇത് പുതിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കുറച്ചു കാലങ്ങളായി തീരപ്രദേശത്ത് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ചെറിയ പിണക്കത്തിലാണ്. സി.പി.എമ്മിന്റെ പ്രവര്‍ത്തകരേയും അനുഭാവികളേയും കൂട്ടത്തോടെ സി.പി.ഐയിലേക്ക് ചാക്കിട്ടു പിടിക്കുന്നുവെന്നതാണ് പ്രശ്‌നം.
കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എയുടെ പല ഇടപെടലുകളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. പലവട്ടം അതിനെതിരെ പ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്തു.
സ്‌റ്റോപ്പ് എസ്.എഫ്.ഐ ഫാസിസം എന്ന് എഴുതുക മാത്രമല്ല എസ്.എഫ്.ഐക്ക് പുതിയ നാമം കൊടുക്കുകയും ചെയ്തുവെന്നതാണ് വിഷ്ണുവിനെതിരെയുള്ള പ്രതിഷേധം ശക്തമാകാന്‍ കാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."