ഫോര്‍ട്ട്കൊച്ചിയില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന വ്യാപകം
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിലെ വന്‍കിട ഹോട്ടലുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന വ്യാപകമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപം. പൊലിസിന്റെയും എക്സൈസിന്റെയും മൂക്കിന് താഴെ വന്‍കിട ഹോട്ടലുകളില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടും അധികൃതര്‍ ഇതൊന്നും കണ്ടില്ലന്ന് നടിക്കുകയാണ്.
ഹോട്ടലുകളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നല്കുവാനായാണ് പല ഹോട്ടലുകളിലും ഹോംസ്റ്റേകളിലും അനധികൃതമായി മദ്യം സൂക്ഷിക്കുന്നത്. ഫോര്‍ട്ട്കൊച്ചിയിലെ പൊലിസ് സ്റ്റേഷന് മുന്നിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം ഷാഡോ പൊലിസ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയിരുന്നു. നേരത്തേ എക്സൈസ് ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും പരിശോധന നടത്തിയെങ്കിലും ഈ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങളെ ഒഴിവാക്കിയിരുന്നു.
അന്ന് പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് പേരിന് പോലും എന്തെങ്കിലും കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ലോക്കല്‍ പൊലിസും ഇപ്പോള്‍ മദ്യം പിടിച്ചെടുത്ത ഈ ഹോട്ടലില്‍ പരിശോധന നടത്താറില്ല. മട്ടാഞ്ചേരി സബ് ഡിവിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ പലരും ഈ ഹോട്ടലിലാണ് താമസിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഫോര്‍ട്ട്കൊച്ചി പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍മാര്‍ക്ക് ഈ ഹോട്ടലില്‍ പ്രത്യേക റൂമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട്കൊച്ചിയില്‍ നടന്ന് വരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതും ഈ ഹോട്ടലുടമയാണ്.അത് കൊണ്ട് തന്നെ ഇയാള്‍ക്ക് പൊലിസ് ഉദ്യോഗസ്ഥരുമായുള്ള അമിത ബന്ധം മുതലെടുത്താണത്രേ അനധികൃതമായി മദ്യം സൂക്ഷിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."