അമിതവേഗം; ഇന്റര്‍സെപ്റ്റര്‍ വാഹനം പ്രവര്‍ത്തനം തുടങ്ങി
ആലുവ: വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിയ്ക്കുന്നതിനും അതുവഴി വാഹന അപകടങ്ങള്‍ കുറക്കുന്നതിനും ലക്ഷ്യമിട്ട് കൊച്ചി റേഞ്ചിനു കീഴില്‍ എറണാകുളം റൂറല്‍ ജില്ലയ്ക്കായി അനുവദിച്ച ഇന്റര്‍സെപ്റ്റര്‍ വാഹനം പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് രാവിലെ ആലുവ കണ്‍ട്രോള്‍ റൂം പരിസരത്ത് നടന്ന ഔപചാരിക ചടങ്ങില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി പി.എന്‍ ഉണ്ണിരാജന്‍ ഐ.പി.എസ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.
രണ്ട് ഡിജിറ്റല്‍ വീഡിയോ കാമാറകള്‍ ഉള്ള ടൊയോട്ട ഇന്നോവ വാഹനത്തില്‍ ഒരു കാമറ വാഹനത്തിനു മുകളിലും മറ്റൊരൊണ്ണം വാഹനത്തിന് അകത്തുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.
വാഹനത്തിന്റെ വേഗത മനസിലാക്കാന്‍ കഴിയുന്ന ഈ കാമറയ്ക്ക് ഏകദേശം 1.5 കിലോമീറ്റര്‍ അകലെ വരെയുള്ള വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കഴിവുണ്ട്. പകര്‍ത്തുന്ന ദൃശ്യങ്ങളില്‍ സമയവും ലൊക്കേഷനും രേഖപ്പെടുത്തുകയും ചെയ്യും.
ജില്ലാ പൊലിസ് കണ്‍ട്രോള്‍ റൂമിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ്. ഒരു സബ്ബ് ഇന്‍സ്‌പെക്ടറും സി.പി.ഒയും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടാകുന്നത്.
ഓരോ സബ്ബ് ഡിവിഷനുകളിലും 10 ദിവസം വീതമായിരിക്കും ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ പ്രവര്‍ത്തനം. ജില്ലയിലെ വാഹനാപകടങ്ങള്‍ കൂടുതല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ശ്രദ്ധ കൂടുതല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനം.
ഉദ്ഘാടന ചടങ്ങില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വി.കെ സനില്‍ കുമാര്‍, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജി വേണു, ആലുവ ഡിവൈ.എസ്.പി കെ.ജി ബാബു കുമാര്‍, ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."