വ്യാപാരി ഏകോപന സമിതിക്ക് പരിസ്ഥിതി സംഘടനകളുടെ വിമര്‍ശനം
കല്‍പ്പറ്റ: വയനാട്ടില്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ കലക്ടര്‍ ഓഗസ്റ്റ് രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിനെതിരേ ഹൈക്കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും ഭാവി തലമുറയോടുള്ള പാതകവുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി, ഔവര്‍ ഓണ്‍ നേച്ചര്‍, ബാണാസുര പ്രകൃതി സംരക്ഷണ സമിതി, ഗ്രീന്‍ ക്രോസ് എന്നീ സംഘടനകളുടെ സംയുക്ത യോഗം വിമര്‍ശിച്ചു.
വയനാടിന്റെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിനു ബോധ്യമുണ്ട്. അതുകൊണ്ടാണ് കലക്ടറുടെ ഉത്തരവിനെ ജില്ലാ വ്യാപകമായി ജനം സ്വാഗതം ചെയ്തത്. കച്ചവടക്കാരില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനത്തിനു അനുകൂലമാണ്. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്ലാസ്റ്റിക് വിലക്കിനെ പരസ്യമായി പിന്തുണയ്ക്കുകയും രഹസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. സമിതി കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചത് സംസ്ഥാനത്തിനു പുറത്തുള്ള കുത്തക പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണ ശാലകളുടെ സ്വാധീനത്തിനു വഴങ്ങിയും പണം പറ്റിയുമാണെന്ന് സംശയിക്കണം. പ്ലാസ്റ്റിക് കേസില്‍ ജില്ലാ ഭരണകൂടവും വ്യാപാരികളും ഒത്തുകളിക്കാനിടയുണ്ടെന്നാണ് സൂചന. നിരോധനത്തിനല്ല, ബോധവല്‍ക്കരണത്തിനാണ് ജില്ലാ ഭരണകൂടം മുന്‍തൂക്കം നല്‍കുന്നതെന്ന നിലവിലെ കലക്ടറുടെ നിലപാട് ആശങ്കാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
എം. ഗംഗാധരന്‍ അധ്യക്ഷനായി. എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, അജി കൊളോണിയ, സണ്ണി പടിഞ്ഞാറത്തറ, സി.എസ് ധര്‍മരാജ്, സണ്ണി മരക്കടവ്, വെങ്കിടേഷ് കാട്ടിക്കുളം, അബു പൂക്കോട്, രജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."