കാവേരി; അനുവദിച്ച ജലവും ഉപയോഗപ്പെടുത്താതെ കേരളം
സുല്‍ത്താന്‍ ബത്തേരി: കാവേരി നദീജലം പങ്കിട്ടെടുക്കുതിനെ ചൊല്ലി കര്‍ണാടകയും തമിഴ്‌നാടും തര്‍ക്കങ്ങള്‍ തുടരുമ്പോഴും കേരളത്തിന് അനുവദിച്ച 30 ടി.എം.സി ജലം ഉപയോഗപ്പെടുത്തുതിനുള്ള പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി. 2009ലാണ് കാവേരി ട്രിബ്യൂനല്‍ സംസ്ഥാനത്തെ മൂന്ന് നദികളില്‍ നിന്നുമായി 30 ടി.എം.സി ജലം അനുവദിച്ചത്. ഇതു ഉപയോഗപ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതികളാണ് കടലാസില്‍ ഒതുങ്ങിയത്. വയനാട്ടിലെ കബനി നദിയില്‍ നിന്നും 21 ടി.എം.സി ജലം, പാലക്കാട് അട്ടപ്പാടിയിലെ ഭവാനി നദിയില്‍ നിന്നും ആറു ടി.എം.സി ജലം, ഇടുക്കിയിലെ പമ്പാറില്‍ നിന്നും മൂന്ന് ടി.എം.സി ജലവുമാണ് കാവേരി ട്രീബ്യൂനല്‍ സംസ്ഥാനത്തിന് അനുവദിച്ചത്. ഇത്രയും ജലം ഉപയോഗപ്പെടുത്തുന്നതിന് 2009ല്‍ കല്‍പ്പറ്റ കേന്ദ്രീകരിച്ച് ഒരു സൂപ്രണ്ടിങ് എന്‍ജിനിയറുടെ കീഴില്‍ കാവേരി സര്‍ക്കിള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. അനുവദിച്ച ജലം മൂന്ന് നദീതടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലസേചനപദ്ധികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക എന്നതായിരുന്നു സര്‍ക്കിള്‍കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
കബനിയില്‍ നിന്നും അനുവദിച്ച 21 ടി.എം.സി ജലം ഉപയോഗപ്പെടുത്തുതിനായി കാരാപ്പുഴ, ബാണാസുര സാഗര്‍, നൂല്‍പ്പുഴ, മച്ചാട്, തിരുനെല്ലി, ഞാണ്ടാര്‍, പെരിങ്ങത്തുപ്പുഴ, കടമാന്‍തോട്, ചേക്കാട്, ചൂണ്ടാലിപ്പുഴ എന്നിവിടങ്ങിളിലാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി രൂപീകരിച്ച് പാലക്കാട് അട്ടപ്പാടിയിലെ ഭവാനി നദീതട പ്രദേശങ്ങളായ അഗളി, തുടുക്കി, പന്തത്തോട് എന്നിവിടങ്ങളിലും ഇടുക്കിയിലെ പമ്പാര്‍ നദി പ്രദേശങ്ങളായ തലയാര്‍, ചെങ്ങല്ലൂര്‍, വട്ടവട എന്നിവിടങ്ങളിലുമാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. എന്നാല്‍ പദ്ധതികള്‍ ക്രോഡീകരിച്ച് നടപ്പിലാവുന്നതിന് മുമ്പ്തന്നെ 2011ല്‍ കല്‍പ്പറ്റ കേന്ദ്രീകരിച്ച് രൂപീകരിച്ച കാവേരി സര്‍ക്കിള്‍ കുട്ടനാട് സര്‍ക്കിള്‍ രൂപീകരിച്ച് ആലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു. ഇതോടൊപ്പം എക്‌സിക്യൂട്ടിവ് എന്‍ജിനീയറേയും 20 ഉദ്യോഗസ്ഥരെയും ആലപ്പുഴയിലേക്ക് മാറ്റി.
വയനാട് ജില്ലയില്‍ കബനി നദിയില്‍ നിന്നും ട്രിബ്യൂനല്‍ അനുവദിച്ച് ജലം ഉപയോഗപ്പെടുത്തുതിന് അനുവദിച്ച പ്രധാനപെട്ട പദ്ധതികളില്‍പെട്ടവയായിരുന്നു ചൂണ്ടാലിപ്പുഴ, കടമാന്‍തോട് എന്നിവ. എന്നാല്‍ രണ്ട് പദ്ധതികളും ജനകീയപ്രക്ഷോപം കാരണം മുടങ്ങിയ അവസ്ഥയിലാണ്. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയും ഇതേ അവസ്ഥയില്‍ തന്നെയാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതി നടത്തിപ്പിന് സര്‍വേ നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും മറ്റു നടപടികള്‍ ഒന്നും തന്നെ ആയിട്ടില്ല. നിലവില്‍ മൂന്ന് നദികളില്‍ നിന്നും അനുവദിച്ച ജലം ഉപയോഗപ്പെടുത്താനായി അവിഷ്‌ക്കരിച്ച ജലസേചന പദ്ധതികളില്‍ വയനാട്ടിലെ കാരപ്പുഴ പദ്ധതി മാത്രമാണ് ഭാഗികമായെങ്കിലും കമ്മിഷന്‍ ചെയ്തത്. എന്നാല്‍ പദ്ധതി പൂര്‍ണമായും ഉപയോഗപ്പെടുത്തണമെങ്കില്‍ ഇനിയും ഏഴുഹെക്ടര്‍ സ്ഥലംകൂടി ഏറ്റെടുക്കണം. ഇത്രയും സ്ഥലം ഏറ്റെടുത്ത് പദ്ധതി കമ്മിഷന്‍ ചെയ്യുകയാണെങ്കില്‍ 2.5 ടി.എം.സി ജലം കാരാപ്പുഴ റിസര്‍വോയറില്‍ സംഭരിക്കാനാകും. എന്നാല്‍ ഉദ്യോഗസ്ഥരുടെയും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെയും തികഞ്ഞ അലംഭാവം കാരണം കാരാപ്പുഴ പദ്ധതിയും ഇഴഞ്ഞു നീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."