ജില്ലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും
മാനന്തവാടി: പൊരുന്നന്നൂര്‍ ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോകടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പൂട്ടിയിട്ട് ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിനെതിരേ ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കുന്നു. ഇന്നലെ പൊരുന്നന്നൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി ബഹിഷ്കരിച്ച ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ 11 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ഒ.പി വിഭാഗം ബഹിഷ്കരിക്കും. ശനിയാഴ്ച ഉച്ചയോടെ മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിനെതിരേ ഡി.വൈ.എഫ്.ഐ നടത്തിയ ഉപരോധ സമരമാണ് വിവാദമായിരിക്കുന്നത്.
ഒ.പി ടിക്കറ്റ് ചാര്‍ജ്ജ് രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായി വര്ധിപ്പിച്ചതിനെതിരേയും ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്താത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു ഉപരോധസമരം നടത്തിയത്. സി.പി.എം പ്രതിനിധി ഉള്‍പ്പെടെയുള്ള ആശുപത്രി എച്ച്.എം.സി 15 ദിവസം മുമ്പ് വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കാന്‍ തിങ്കളാഴ്ച യോഗം വിളിച്ചുചെര്ക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും സമരം അവസാനിപ്പിക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ പതിനൊന്നോളം ജീവനക്കാരെ സമരക്കാര്‍ മുറികളില്‍ അടച്ചിടുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്ത് അഞ്ച് മണിയോടെ സമരം അവസാനിപ്പിച്ച ശേഷമാണ് ഇവരെ പുറത്ത് വിട്ടത്. സമരം ഒത്തുതീര്‍ത്തപ്പോള്‍ സമരക്കാര്‍ക്കെതിരേ നടപടിയെടുക്കില്ലെന്നും രേഖാമൂലം എഴുതി നല്‍കിയിരുന്നു.
എന്നാല്‍ അടച്ചിട്ട മുറി തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരുക്കേറ്റ ഡോക്ടര്‍ പ്രിന്സിയുടെയും മറ്റ് ജീവനക്കാരുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, വില്ലേജ് സെക്രട്ടറി മുഹമ്മദലി ഉള്‍പ്പെടെ 25 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ രംഗത്തെത്തി. പൊരുന്നന്നുരിലെ ഒ.പി, ഐ.പി വിഭാഗങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ അനിശ്ചിതമായി വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലാണ്. ഇന്ന് ഡി.എം.ഒയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് ഡോക്ടര്‍മാര്‍ നീങ്ങും.
ഇതോടൊപ്പം സമരക്കാര്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷനിലും വനിതാകമ്മിഷനിലും പരാതി നല്‍കാനുമുള്ള തയാറെടുപ്പിലാണ് ഡോക്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."