ഇനി ആരോടാണ് പരാതിപ്പെടേണ്ടത്
ഹൈക്കോടതി അഭിഭാഷകനായ ധനേഷ്മാത്യൂ മാഞൂരാന്‍ പൊതുവഴിയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോടുള്ള നീരസം ചില അഭിഭാഷകര്‍ക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ചില അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ത്തിയ അക്രമ ഭീഷണിയില്‍ നിന്നും അതാണ് മനസിലാവുന്നത്. അഭിഭാഷകരില്‍ ഒരു വിഭാഗം തുടങ്ങിവച്ച അക്രമണോത്സുകമായ സമീപനം കാരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ അവരുടെ തൊഴില്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അഡ്വ.ജനറലിന്റെ അധ്യക്ഷതയില്‍ രണ്ട് അനുരഞ്ജന യോഗങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ചില അഭിഭാഷകരുടെ മര്‍ക്കട മുഷ്ടി കാരണം തീരുമാനങ്ങള്‍ നടപ്പിലായില്ല. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത ജുഡീഷ്വല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയായിരുന്നു ഇവര്‍. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രണ്ട് പത്രക്കുറിപ്പുകളിലൂടെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ജൂലൈ 30നും സെപ്റ്റംബര്‍ 23നും അറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അഭിഭാഷകരുടെ അക്രമ ഭീഷണി കാരണം സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഹൈക്കോടതിയില്‍ സാധ്യമായില്ല. ഈയൊരു പശ്ചാത്തലത്തിലാണ് പുതുതായി ചാര്‍ജെടുത്ത ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ വീണ്ടുമൊരു അനുരഞ്ജന ചര്‍ച്ച കഴിഞ്ഞ വ്യാഴാഴ്ച നടന്നത്.
പത്രാധിപന്‍മാരുടെയും അഭിഭാഷകരുടെയും പത്രപ്രവര്‍ത്തക യൂനിയന്റേയും ജഡ്ജിമാരുടെയും യോഗത്തിലുണ്ടായ ധാരണയനുസരിച്ച് കഴിഞ്ഞ വെള്ളിഴാഴ്ച ഹൈക്കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ അഭിഭാഷകര്‍ വീണ്ടും വന്ന് അവരുടെ ജോലി തടസപ്പെടുത്തി. പുറത്ത് പോവണമെന്നും ഇല്ലെങ്കില്‍ മറ്റു അഭിഭാഷകരെ വിളിച്ചുവരുത്തി അക്രമിക്കുമെന്നും സഹജമായ അക്രമഭാവത്തോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയര്‍ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് സഹകരണവും ഉണ്ടാകുമെന്ന ഒത്തുതീര്‍പ്പിന്റെ ഫലമായിട്ടായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയത്.
ഹൈക്കോടതി അഡ്വ അസോസിയേഷന്റെ ഭാരവാഹിയും അഭിഭാഷകരില്‍ ഒരാളുമാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതും അല്ലെങ്കില്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും. ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേനെ മാധ്യമ പ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിനെ വിവരം ധരിപ്പിക്കുകയും രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ അപ്രകാരം പരാതി നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നോ ഹൈക്കോടതി രജിസ്ട്രാറുടെ ഭാഗത്ത് നിന്നോ വ്യാഴാഴ്ച്ചത്തെ യോഗതീരുമാനങ്ങള്‍ ലംഘിച്ച അഭിഭാഷകര്‍ക്കെതിരെ ഇതുവരെ നടപടികളൊന്നുമുണ്ടായില്ല.
ചീഫ് ജസ്റ്റിസും മുതിര്‍ന്ന അഭിഭാഷകരും ജഡ്ജിമാരും നല്‍കിയ ഉറപ്പുലംഘിക്കാന്‍ മാത്രം ശക്തരായ ഒരു ലോബി ഹൈക്കോടതിക്കുള്ളില്‍ തഴച്ചുവളരുന്നുണ്ടെന്നല്ലേ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അവരെ അമര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസിന് പോലും കഴിയുന്നില്ലെങ്കില്‍ നീതി നിര്‍വഹണ വ്യവസ്ഥ തന്നെ അട്ടിമറിക്കപ്പെടുകയില്ലെന്നതിന് എന്താണ് ഉറപ്പ്. ആര്‍ക്കും ആരെയും പേടിക്കാതെ ഹൈക്കോടതിയില്‍ വരാനുള്ള സാഹചര്യമുണ്ടാക്കേണ്ടത് ചീഫ് ജസ്റ്റിസിന്റെ ഉത്തരവാദിത്വമാണ്. ചീഫ് ജസ്റ്റിസിനോട് പരാതി പറഞ്ഞിട്ടുപോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി സ്വതന്ത്രമായി നിര്‍വഹിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, ചീഫ് ജസ്റ്റിസ് നടപടിയെടുക്കുന്നതിന് നിസഹായനാണെങ്കില്‍ പിന്നെ ആരോടാണ് മാധ്യമപ്രവര്‍ത്തകര്‍ പരാതി ബോധിപ്പിക്കേണ്ടത്. സര്‍ക്കാരിന്റെ ഉദാസീനതയും ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകര്‍ക്ക് വളമാകുന്നുണ്ട്.
സുപ്രിം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ജുഡീഷ്യല്‍ അടിയന്തരവാസ്ഥക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്. ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെയും അത് അറിയിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ പരമായ അവകാശത്തെയുമാണ് കഴിഞ്ഞ രണ്ട് മാസമായി ചില അഭിഭാഷകര്‍ തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നത് വിരോധാഭാസം തന്നെ. സാക്ഷര കേരളമെന്നും ഉല്‍ബുദ്ധ കേരളമെന്നും കൊട്ടിഘോഷിക്കുന്നതില്‍ എന്തര്‍ഥം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കിരാത സംഭവങ്ങള്‍ കേരള ഹൈക്കോടതിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ കേരളീയ പൊതുസമൂഹം ലജ്ജിക്കണം.
എല്ലാം മറക്കുവാനും പൊറുക്കുവാനും ഇരുവിഭാഗത്ത് നിന്നും ധാരണയുണ്ടായിട്ടുപോലും അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകളെ പോലും നാണിപ്പിക്കുന്നതാണ് അഭിഭാഷകരില്‍ നിന്നുണ്ടാവുന്ന നടപടികള്‍. അടിയന്തരാവസ്ഥയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് തടസങ്ങളുണ്ടായിരുന്നില്ല. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലായിരുന്നു വിലക്ക്. എന്നാല്‍ അടിയന്തരാവസ്ഥയെ കവച്ചുവയ്ക്കും വിധം ഹൈക്കോടതിയിലെ വാര്‍ത്താ സ്രോതസുകള്‍ കൊട്ടിയടച്ചുകൊണ്ടിരിക്കുന്നു ചില അഭിഭാഷകര്‍.
ചില മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തകള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ അഭിഭാഷകര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. അവര്‍ക്ക് എന്തവകാശമാണ് ഇതിനുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ജോലി നിര്‍വഹിക്കുന്നത് മാനേജ്‌മെന്റുകളുടെ നിര്‍ദേശാനുസരണമാണ്. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്കെതിരെ അഭിഭാഷകര്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.
അല്ലാതെ അവരുടെ തൊഴില്‍ സ്വാതന്ത്ര്യത്തെ തടയുവാന്‍ ഹൈക്കോടതി അഭിഭാഷകര്‍ക്ക് പതിച്ച് കിട്ടിയതല്ല. കോടതികള്‍ അഭിഭാഷകരുടെ തൊഴിലിടവുമല്ല. അഭിഭാഷകരുടെ തൊഴിലിടം അവരുടെ വക്കീല്‍ ഓഫിസുകളാണ്. കോടതികള്‍ എല്ലാവരുടെതുമാണ്. സ്വതന്ത്രമായ നീതി നിര്‍വഹണം നടത്തുന്ന കോടതികളില്‍ നിര്‍ഭയരായി പ്രവേശിക്കുവാന്‍ ഏത് ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. എന്നിരിക്കെ അത് തടയുവാന്‍ ചില അഭിഭാഷകര്‍ കാണിക്കുന്ന ധിക്കാരത്തെ ഫാസിസം എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക.
പൊതുസമൂഹം അറിയേണ്ട അതിപ്രധാനമായ സാമൂഹികമായ വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് മാസമായി ഹൈക്കോടതിയില്‍ തടസപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനുകാരണക്കാരായ അഭിഭാഷകര്‍ക്കെതിരേ ചീഫ് ജസ്റ്റിസ് നടപടിയെടുക്കുന്നില്ലെങ്കില്‍ ഗൗരവതരമായ സാമൂഹിക അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുക. ഹൈക്കോടതിയിലെ പ്രശ്‌നക്കാരായ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പോലും അംഗീകരിക്കുന്നില്ലെങ്കില്‍ നീതി ന്യായ വ്യവസ്ഥയിലും ജനാധിപത്യത്തിലുമുള്ള പൊതുസമൂഹത്തിന്റെ വിശ്വാസത്തിനായിരിക്കും ഇടര്‍ച്ച സംഭവിക്കുക.
കറുത്ത ഗൗണിട്ട് കോടതിയില്‍ ഗുണ്ടായിസം പ്രവര്‍ത്തിക്കുവാനും ചീഫ് ജസ്റ്റിസിനെ പോലും ധിക്കരിക്കുവാനും ഇത്തരം അഭിഭാഷകര്‍ക്ക് ധൈര്യം ഉണ്ടാകുന്നുണ്ടെങ്കില്‍ അതിനുപിന്നിലുള്ള നിഗൂഡ ശക്തികളെയാണ് പുറത്തുകൊണ്ടുവരേണ്ടത്. ഇത്തരം അഭിഭാഷകരാണോ നാളെ ജഡ്ജിമാരുടെ പീഠത്തിലിരിക്കേണ്ടതെന്ന് ഓര്‍ക്കുമ്പോള്‍ ഇവരുടെ നീതി നിര്‍വഹണത്തെക്കുറിച്ച് പേടിക്കേണ്ടിയിരിക്കുന്നു. ഉള്ളില്‍ പകവച്ച് നടക്കുന്നവരുടെ വിധി പ്രസ്താവങ്ങള്‍ എങ്ങനെ നീതിയുടെ പക്ഷത്ത് നിന്നുള്ള നിലപാടുകളാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."