ചോക്കാട്ട് യു.ഡി.എഫ് തിരിച്ചുവരുന്നു; പ്രസിഡന്റ് ഇന്ന് രാജി നല്കാന് സാധ്യത
കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനത്തിന് ധാരണയായി. പ്രസിഡന്റ് ഇന്ന് രാജി നല്കാന് സാധ്യത. മുസ്ലിംലീഗ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണ. വണ്ടൂര്‍ മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റവും കൂടുതല്‍ പ്രശ്നം നിലനിന്നിരുന്നത് ചോക്കാടിലാണ്. 18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് എട്ടും മുസ്ലിം ലീഗിന് നാലും സി.പി.എമ്മിന് ആറും അംഗങ്ങളുമാണുള്ളത്.
ത്രികോണ മത്സരം നടന്ന ചോക്കാടില്‍ വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് ഭരണം കിട്ടാതിരിക്കാനായി സി.പി.എമ്മിനെ മുസ്ലിം ലീഗ് പിന്തുണക്കുകയായിരുന്നു. കാളികാവ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ഒന്നിച്ചതിന് പിന്നാലെയാണ് ചോക്കാടിലും ഇരുവിഭാഗവും ഒന്നിക്കാനുള്ള നടപടിയായിട്ടുള്ളത്. കാളികാവില്‍ ലീഗ് അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ ഒൊഫീസില് കയറി അക്രമിച്ച സി.പി.എം നടപടിയില്‍ മലയോര മേഖലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെല്ലാം ക്ഷുഭിതരാണ്.
ലീഗ് പ്രവര്‍ത്തകര്‍ സി.പി.എമ്മുമായി അകലാന്‍ ഇത് കാരണമായിട്ടുണ്ട്. കാളികാവിലെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും സി.പി.എം അക്രമത്തിനെതിരെ സജീവമായത് പ്രശ്നങ്ങള്‍ മറന്ന് ഒന്നിക്കാന്‍ ലീഗ് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നുണ്ട്. ചോക്കാട് പഞ്ചായത്തിലും ഇതാണ് പ്രതിഫലിച്ചത്.
ഭരണ സമിതി യോഗങ്ങളില്‍ തന്നെ കോണ്‍ഗ്രസും ലീഗും ഒന്നിച്ചതോടെ സി.പി.എം ഒറ്റപ്പെടുകയായിരുന്നു. അവിശ്വാസ പ്രമേയത്തിനു മുന്‍പായി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കാനുള്ള അവസരം ഒരുക്കാനാണ് യു.ഡി.എഫ്. ധാരണയായിട്ടുള്ളത്.സി.പി.എമ്മുകാരിയായ പ്രസിഡന്റ് രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനാണ് യു.ഡി.എഫ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."