യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുതിയ പാര്‍ട്ടി രൂപീകരിച്ചു
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സ്വരാജ് ഇന്ത്യ എന്നാണ് പാര്‍ട്ടിയുടെ പേര്. യാദവ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍.
ഇരുവര്‍ക്കുമൊപ്പം എ.എ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ പ്രൊഫ. അജിത് ഝാ ആണ് ജനറല്‍ സെക്രട്ടറി. ഫഹീ ഖാന്‍ ആണ് ട്രഷറര്‍. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് യോഗേന്ദ്ര യാദവ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തു ബദല്‍ രാഷ്ട്രീയത്തിനുള്ള പുതിയ സഞ്ചാരപാത തുടങ്ങുമെന്ന് ജൂലൈ 31നു നടന്ന രണ്ടുദിവസത്തെ സ്വരാജ് അഭിയാന്‍ ദേശീയ കണ്‍വന്‍ഷനില്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാദ്യം എ.എ.പിയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം യാദവും ഭൂഷണും ഉള്‍പ്പെടുന്ന വിമത എ.എ.പി പ്രവര്‍ത്തകര്‍ സ്വരാജ് അഭിയാന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കര്‍ഷകരുടെയും സാധാരണക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്കു വേണ്ടി റാലികളും പ്രക്ഷോഭങ്ങളും നടത്തി അടിത്തട്ടില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അഭിയാന്‍. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളും അഭിയാന്‍ മുഖേന സുപ്രിംകോടതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."