വിവാദ പുറമ്പോക്ക് ഭൂമിയില്‍ തൃക്കാക്കര നഗരസഭയുടെ സ്ഥലമൊരുക്കല്‍ തുടരുന്നു
കാക്കനാട്: കലക്ടറേറ്റിന് സമീപത്തെ വിവാദ പുറമ്പോക്ക് ഭൂമിയില്‍ തൃക്കാക്കര നഗരസഭയുടെ സ്ഥലമൊരുക്കല്‍ തുടരുന്നു. നഗരസഭയുടെ കൈവശമിരിക്കുന്ന ഏഴര ഏക്കര്‍ ഭൂമിയിലാണ് റവന്യൂ വകുപ്പിന്റെ എതിര്‍പ്പ് കൂട്ടാക്കാതെ ജെ.സി.ബി ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി സ്ഥലമൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഈ സ്ഥലത്തെ നിരപ്പാക്കല്‍ തുടങ്ങിയ ഉടന്‍ തന്നെ റവന്യൂ വകുപ്പ് സ്ഥലത്തെത്തി തടഞ്ഞിരുന്നു.
നഗരസഭയുടെ സ്വപ്ന പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്നലെ പുലര്‍ച്ചെ ഏഴരയോടെ നഗരസഭാ വൈസ്. ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങംതറ, കൗണ്‍സിലര്‍ പി.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീണ്ടും നിലം ഒരുക്കല്‍ ആരംഭിച്ചത്.
ഗാന്ധിജയന്തി ദിനത്തില്‍ ഈ പ്രവൃത്തി നടത്തിയതിനാല്‍ റവന്യൂവകുപ്പ് തടയാനെത്തിയില്ല. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ ഭൂമിയില്‍ ആസ്ഥാന മന്ദിരവും അത്യാധുനിക ബസ് ടെര്‍മിനലും വാണിജ്യസമുച്ചവുമൊക്കെ ചേര്‍ത്ത് സ്മാര്‍ട്ട് ഹബ്ബ് സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിര്‍ദിഷ്ട പദ്ധതി സ്ഥത്തെ മാലിന്യം നീക്കി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നിരപ്പാക്കി തറക്കല്ലിടല്‍ നിര്‍വഹിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒരാഴ്ച മുമ്പ് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നു അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സ്ഥലത്തെ ചൊല്ലി റവന്യൂ അധികൃതരുമായുള്ള തര്‍ക്കം രൂക്ഷമാക്കിയിരുന്നു. എന്നാല്‍ പത്ത് കോടിയുടെ നിര്‍ദിഷ്ട സ്മാര്‍ട്ട് ഹബ്ബ് ലക്ഷ്യമിടുന്ന പദ്ധതി സ്ഥലം ഒഴിഞ്ഞു മാറാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ ഇതുവരെ നഗരസഭക്ക് നോട്ടീസ് നല്‍കിയിട്ടില്ല. നഗരസഭയുടെ നടപടി മണത്തറിഞ്ഞ റവന്യൂ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ അധികൃതരുടെ നടപടി വിവാദമായതോടെ ഭൂമി റവന്യു വകുപ്പില്‍ നിന്ന് വിട്ടുകിട്ടുന്നതിന് തൃക്കാക്കര നഗരസഭയില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരുന്നു. നഗരസഭ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
കാക്കനാടിന്റെ മുഖം തന്നെ മാറ്റി മറിച്ചേക്കാവുന്ന സ്മാര്‍ട്ട് ഹബ്ബ് പദ്ധതിക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു പറഞ്ഞു. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോട്ടയം ഭാഗങ്ങളില്‍ നിന്ന് എത്തുന്ന ബസ്സുകള്‍ക്ക് ജില്ലാ ആസ്ഥാനത്ത് അത്യാധുനിക ബസ് ടെര്‍മിനല്‍ വരുന്നതോടെ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പാകുമെന്ന് വൈസ്. ചെയര്‍മാന്‍ സാബു ഫ്രാന്‍സിസും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."