ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി ജില്ലയില്‍ വഴിയോര മത്സ്യക്കച്ചവടം വ്യാപകം
അമ്പലപ്പുഴ: ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി ജില്ലയില്‍ വഴിയോര മത്സരക്കച്ചവടം വ്യാപകമാകുന്നു. ഇതിനെതിരെ ത്രിതല പഞ്ചായത്തുകളും പോലീസും നടപടി സ്വീകരിക്കാതെ വന്നതോടെ നിരത്തുകള്‍ വഴിയോര മത്സ്യക്കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണ്.
2013 ഡിസംബറിലാണ് ഹൈക്കോടതി പൊതുനിരത്തിലെ മത്സ്യവില്‍പ്പന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പാതയോരങ്ങളില്‍ മത്സ്യം വില്‍ക്കുന്നത് തടയാന്‍ പോലീസിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ വര്‍ഷം മൂന്ന് പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളോ പോലീസോ തയ്യാറായിട്ടില്ല. ഇപ്പോള്‍ ജില്ലയുടെ ദേശീയപാതയോരത്തും സംസ്ഥാന പാതയോരങ്ങളിലും സംസ്ഥാന പാതയോരങ്ങളിലും മത്സ്യക്കച്ചവടക്കാരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയോരത്തും കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി സ്ഥലങ്ങളിലായി അനേകം മത്സ്യക്കച്ചവടക്കാരാണ് പെരുകിയിരിക്കുന്നത്.
ഇത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചിലയിടങ്ങളില്‍ തട്ടുകടക്ക് സമാനമായും മറ്റു ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ചുമൊക്കെയാണ് മത്സ്യവില്‍പ്പന നടത്തുന്നത്. വളഞ്ഞവഴി ജംഗ്ഷനില്‍ മത്സ്യ വില്‍പ്പന നിരോധിച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനു താഴെയിരുന്നാണ് ചിലര്‍ മത്സ്യവില്‍പ്പന നടത്തുന്നത്. ബസ് സ്റ്റോപ്പുകളിലെ മത്സ്യവില്‍പ്പന മൂലം യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാകുന്നത്.
ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മിക്കകച്ചവടക്കാരും മത്സ്യവില്‍പ്പന നടത്തുന്ന സ്ഥലത്തുതന്നെയാണ് ഒഴിക്കുന്നത്. ഇതുമൂലം യാത്രക്കാര്‍ക്ക് ബസ് സ്റ്റോപ്പുകളില്‍ മൂക്കു പൊത്താതെ നില്‍ക്കാന്‍ കഴിയാത്ത് സ്ഥിതിയാണ്.
വണ്ടാനത്ത് മെഡിക്കല്‍ കോളേജിന്റെയും പോസ്റ്റ് ഓഫീസിന്റെയും സമീപത്ത് നിരവധി പേരാണ് അനധികൃത മത്സ്യവില്‍പ്പന നടത്തുന്നത്. ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനം നടന്നിട്ടും അധികൃതര്‍ ഇതിനുനേരെ കണ്ണടക്കുകയാണ്. വഴിയോരക്കച്ചവടമായതിനാല്‍ പഞ്ചായത്തിന് നികുതി ഉള്‍പ്പെടെയുളള വരുമാനവും ലഭിക്കുന്നില്ല.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഈ നിര്‍ദേശം എസ്.പി മാര്‍ നല്കിയിട്ടുണ്ടെങ്കിലും പോലീസുകാര്‍ നടപടിയെടുക്കാത്തതാണ് ഇത്തരം അനധികൃത വില്‍പ്പന വ്യപകമാകാന്‍ കാരണമായിരിക്കുന്നത്. പോലീസിന്റെ സഹായത്തോടെ ഇത്തരം അനധികൃത മത്സ്യവില്‍പ്പന അവസാനിപ്പിക്കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."