അടിവാരംതോടിന്റെ ശോച്യാവസ്ഥ ; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
മണ്ണഞ്ചേരി: അടിവാരംതോടിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് നാട്ടുകാരുമായി ചേര്‍ന്ന് എ.ഐ.വൈ.എഫ് ബഹുജനപ്രക്ഷോഭത്തിനൊരുങ്ങുന്നു.സമരത്തിന്റെ ആദ്യപടിയെന്നോണം മണ്ണഞ്ചേരി ജംങ്ഷനില്‍ ഒപ്പുശേഖരണംനടത്തി.കഴിഞ്ഞ ദിവസം ഈ തോടിന്റെ ദയനീയാവസ്ഥയെക്കുറിച്ച് സുപ്രഭാതം റിപ്പോര്‍ട്ടുചെയ്തിരുന്നു.
ഒരുകാലത്ത് ജലഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന മണ്ണഞ്ചേരിയിലെ അടിവാരംതോടിന്റെ സ്ഥിതി ഇന്ന് പരമദയനീയമാണ്. കൈയ്യേറ്റംമൂലം തോടിന്റെ വീതി പലയിടത്തും പകുതിയില്‍ താഴെമാത്രമായി ചുരുങ്ങി. മാലിന്യം നിറഞ്ഞതിനാല്‍ ഇതിന്റെ അരുകിലൂടെയുള്ള യാത്രയും ദുസ്സഹമായിതീര്‍ന്നു.
കക്കൂസ്മാലിന്യം,അറവുമാലിന്യം,പ്ലാസ്റ്റിക്ക്മാലിന്യം എന്നിവയുടെ വാഹിനിയാണ് ഇപ്പോള്‍ ഈ ജലശ്രോതസ്. അടിവാരം പാലത്തിലും പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുഭാഗത്തെ കലുങ്കിലും വാഹനങ്ങളില്‍ എത്തിച്ചാണ് കക്കൂസ്മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത്. നഗരത്തില്‍ മാലിന്യനിക്ഷേപം കര്‍ശനമായി നിരോധിച്ചതോടെയാണ് ഈ തോട്ടിലേക്ക് അറവുമാലിന്യങ്ങള്‍ വന്നുതുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അടിയന്തിരമായി തോടിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ഭീമഹര്‍ജ്ജിക്കായി സംഘടിപ്പിച്ച എ.ഐ.വൈ.എഫിന്റെ ഒപ്പുശേഖരണക്യാമ്പയിന്‍ ഉദ്ഘാടനം നടത്തി. വരുംദിവസങ്ങളില്‍ അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്ന സമരങ്ങളിലേക്ക് നീങ്ങാനാണ് എ.ഐ.വൈ.എഫ് തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."