രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: രാജ്യത്തിന്റെ അഖണ്ഡതയും സമാധാനവും നിലനിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ ചിന്തകളില്‍ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവും പരിഹാരവുമുണ്ട്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും രാജ്യത്തിന്റെ ശാന്തിക്കും സമാധാനത്തിനും വിഘാതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇക്കാലത്തു ഗാന്ധി ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി പ്രതിമയില്‍ എം.എല്‍.എയും വിശിഷ്ടാതിഥികളും ഹാരാര്‍പ്പണം നടത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ അധ്യക്ഷനായിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി സി.ജി വാസുദേവന്‍ നായര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍മാരായ എസ് ഗോപകുമാര്‍, ടി.സി റോയ്, എക്‌സൈസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് റിച്ചാര്‍ഡ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.വി മാത്യു, കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, മുന്‍നഗരസഭാ ചെയര്‍മാന്‍ സണ്ണി കലൂര്‍, വിദ്യാഭ്യാസ ഓഫിസര്‍ ത്രേസ്യാമ്മ ജോസഫ്, വില്ലേജ് ഓഫിസര്‍ ശ്രീകുമാര്‍, എച്.എസ് മുഹമ്മദ് ഷാഫി, എന്‍.എസ് ഹരിശ്ചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.സി സുരേഷ് കുമാര്‍ അസി. എഡിറ്റര്‍ സിനി കെ. തോമസ, ഗാന്ധിയന്‍ സംഘടനാ പ്രതിനിധികള്‍, ഭാരത വികലാംഗ സമിതി, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാന്ധി ജയന്തി വാരോഘോഷത്തിനു മുന്നോടിയായി കലക്ടറേറ്റ് വളപ്പില്‍ നിന്ന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് വകുപ്പിനു പുറമെ എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി അംഗങ്ങളും ഐ.സി.ഡി.എസ് അംഗങ്ങളും കൂട്ടയോട്ടത്തില്‍ പങ്കാളികളായി. ബധിര യുവാക്കളുടെ സംഘടനയായ ചലഞ്ചര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഫോര്‍ ഡെഫിലെ അംഗങ്ങളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. തുടര്‍ന്ന് കലക്ടറേറ്റ് വളപ്പില്‍ എന്‍.സി.സിയുടെ നേതൃത്വത്തില്‍ ശുചീകരണം നടന്നു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നട്ടാശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മാരക സേവാ കേന്ദ്രത്തില്‍ ലളിതം ജീവിതം എന്ന ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പായിപ്പാട് നാലുകോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പി.ആര്‍.ഡിയുടെ സഹകരണത്തോടെ ജില്ലാ മെഡിക്കല്‍ ഓഫിസും ജെ.സി.ഐ നാലുകോടി യൂനിറ്റും സംഘടിപ്പിച്ച ത്വക്ക് രോഗ മെഡിക്കല്‍ ക്യാംപില്‍ 2000 ത്തോളം പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."